മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകുന്നു.
കുറവിലങ്ങാട്: സഭയോട് ചേർന്ന് സമുദായത്തെ വളർത്തണമെന്നും സമുദായത്തെ അനാവശ്യമായി സഭയിൽ നിന്ന് വേർപെടുത്തരുതെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
പൈതൃകങ്ങളുടെ ശബ്ദതാരാവലി സൃഷ്ടിക്കാൻ കഴിയുന്ന കുറവിലങ്ങാട് വിപുലമായ പാരമ്പര്യ സമൃദ്ധിയുള്ള നാടാണ്. കുറവിലങ്ങാടിന്റെ ഉള്ളറകൾ ഇനിയും ഖനനം ചെയ്യണം. സാർവത്രിക സഭയ്ക്ക് ഈ പ്രാദേശിക സഭയിൽ നിന്ന് ഏറെ പഠിക്കാൻ കഴിയും. ആദ്യനൂറ്റാണ്ടിലെ മരിയ ഭക്തിയുടെ ഉടമസ്ഥരാണ് കുറവിലങ്ങാടെന്നും ബിഷപ് കൂട്ടിച്ചേർത്തു.
മദ്യപാനം സ്വയം പിശാചിനെ തെരഞ്ഞെടുക്കുകയാണെന്നും മയക്കുമരുന്ന് സകല ദുഷ്ടതകളുടെയും ഉറവിടമാണെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
Tags : community NattuVishasham DistrictNews