പ്രതീകാത്മക ചിത്രം
കോഴിക്കോട്: മംഗലാപുരം റെയിൽവേ മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്നും വേർപെടുത്തി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും റെയിൽവേ ബോർഡ് ചെയർമാനോടും എം.കെ രാഘവൻ എംപി ആവശ്യപ്പെട്ടു.
മംഗലാപുരം തുറമുഖത്തുനിന്നുള്ള ചരക്ക് നീക്കത്തിന്റെയും മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷൻ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നുള്ള വരുമാനവും നിലയ്ക്കുന്നതോടെ പാലക്കാട് ഡിവിഷൻ സാമ്പത്തികമായി വരുമാനം കുറവുള്ള ഡിവിഷനുകൾക്ക് തത്തുല്യമായി മാറും. ഡിവിഷന്റെ സാമ്പത്തികശേഷി കുറയുന്നത് മലബാറിലേക്കുള്ള പുതിയ ട്രെയിൻ സർവീസുകൾക്കും മറ്റ് വികസന പദ്ധതികൾക്കും തടസമായി മാറും. കൂടാതെ, മലബാറിലേക്കുള്ള പല ട്രെയിനുകളുടെയും സർവീസുകൾ മംഗലാപുരം കേന്ദ്രീകരിച്ചാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത് എന്നതിനാൽ ഈ മേഖല വേർപെടുത്തുന്നത് ഭാവിയിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ നീട്ടുന്നതിനും വലിയ പ്രതിസന്ധി സൃഷ്ടിക്കും.
പുതിയ സര്‍വീസുകളുടെ കാര്യത്തിലും മറ്റു വികസന വിഷയങ്ങളിലും തഴയുന്ന നിലപാടെടുക്കുന്ന റെയിൽവേ അതിന് പുറമേ വരുമാനമുള്ള മംഗലാപുരം പോലുള്ള പ്രദേശം കൂടി പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നത് മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരേ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എംപി വ്യക്തമാക്കി.
Tags : Nattuvishesham District News Mangalapuram Railway Sector