ഹരിപ്പാട്: അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ എരമല്ലൂരില്‍ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗാര്‍ഡര്‍ വീണ് മരിച്ച പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനത്തില്‍ സി. ആര്. രാജേഷ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.
തമിഴ്നാട്ടില്‍നിന്നു മുട്ട കൊണ്ടുവന്ന് കായംകുളം, തിരുവല്ല ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന പിക്കപ്പ് വാനിന്റെ ഡ്രൈവറായാണ് പ്രധാനമായും രാജേഷ് ജോലിചെയ്തിരുന്നത്. പളനിക്ക് സമീപമുള്ള ഉദുമല്പേട്ട് എന്ന സ്ഥലത്തുനിന്നു മുട്ടയെടുത്ത് തിരികെ കായംകുളത്തേക്കു വരുന്ന വഴിയാണ് ഇന്നലെ പുലര്‍ച്ചെ അപകടമുണ്ടായത്.
തിരുവല്ല ചാത്തന്കേരി സ്വദേശിയുടെയാണ് അപകടത്തില്‍പ്പെട്ട വാഹനം. ഇതില്‍ ജോലിയി ല്ലാത്ത സമയത്ത് ഓട്ടോ ഡ്രൈവറായും കൂടാതെ നിര്‍മാണ ജോലികള്‍ക്കും കൊയ്ത്ത് സീസണില്‍ അതുമായി ബന്ധപ്പെട്ട ജോലികള്‍ക്കും രാജേഷ് പോകുമായിരുന്നു. രാജപ്പന്-സരസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഷൈലജ വീട്ടമ്മയാണ്. മകന് വിഷ്ണുരാജ് കായംകുളം എംഎസ്എം കോളജ് ബിരുദ വിദ്യാര്‍ഥിയാണ്. മകള്‍ കൃഷ്ണവേണി പള്ളിപ്പാട് നടുവട്ടം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും. വീട്ടുചെലവുകളും ഒപ്പം മക്കളുടെ വിദ്യാഭ്യാസ ചെലവുകളും രാജേഷിന്റെ ഏക വരുമാനത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ബാധ്യതയും നിലവിലുണ്ട്.
ഇന്നലെ വൈകുന്നേരം ആറരയോടെ വീട്ടിലെത്തിച്ച മൃതദേഹം എട്ടിന് സംസ്കരിച്ചു. രാഷ്ട്രീയ സാമൂഹ്യ മതരംഗത്തെ നൂറുകണക്കിന് ആളുകള്‍ ഇന്നലെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
രമേശ് ചെന്നിത്തല എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. ശോഭ, കെ.ജി. സന്തോഷ്, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആര്. രഞ്ജിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ് വര്‍ഗീസ്, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ടി.ടി. ജിസ്മോന്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലന് തുടങ്ങിയ നിരവധി ആളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.