കോയിപ്രം പഞ്ചായത്തിലെ പൂവത്തൂരിൽ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകൾ.
പത്തനംതിട്ട: ലോകകപ്പ് ഫുട്ബോൾ ആരവം ഒഴിഞ്ഞ് ആരാധകർ പിൻവാങ്ങിയെങ്കിലും ആവേശമുയർത്തി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ പൊതുഇടങ്ങൾക്കും പരിസ്ഥിതിക്കും വെല്ലുവിളിയായി അവശേഷിക്കുന്നു.
ഗ്രാമങ്ങളിലും നഗരങ്ങളിലും പാതയോരങ്ങളിൽ ഉയർന്ന കൂറ്റൻ ഫ്ലാക്സ് ബേർഡുകൾ അതേപടി നിലനിൽക്കുകയാണ്. പല ഫ്ലക്സ് ബോർഡുകളും അപകട സാധ്യത ഉയർത്തുന്നവയാണ്. കാറ്റ് വീശിയാൽ നീലം പൊത്താവുന്ന അവസ്ഥയിലുള്ളവയാണ് ഏറെയും. ഇത്തരം ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പല പഞ്ചായത്തുകളും നോട്ടീസ് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ചില ബോർഡുകൾക്ക് 30 അടി വരെയാണ് ഉയരം. റോഡരികിൽ ഉയർന്നു നിൽക്കുന്ന ബോർഡുകൾ കാറ്റടിച്ചാൽ മറിഞ്ഞു വീഴാനുള്ള സാധ്യതയുണ്ട്. ഇരു ചക്ര വാഹന യാത്രികരുടെ മുകളിലേക്ക് ബോർഡുകൾ പതിച്ചാൽ നിയന്ത്രണം വിട്ട് വാഹനം മറിയാനും വൻ അപകടങ്ങൾക്കും വഴിയൊരുക്കും. കാലവർഷം ശക്തിപ്പെട്ടാൽ മഴയ്ക്കൊപ്പം കാറ്റും ഉറപ്പാണ്.
കാഴ്ച മറച്ച് ബോർഡുകൾ
ഡ്രൈവർമാരുടെ കാഴ്ച് മറച്ചു കൊണ്ടാണ് പല ഇംഗ്ഷനുകളിലും ഇത്തരം ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ബൈ റോഡിൽ നിന്നും പ്രധാന പാതയിലേക്ക് കയറുന്നതിന് ഇടതും വലതും ബോർഡുകൾ ഉണ്ടാകും. ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത വിധത്തിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. റോഡരികിൽ ഒരാൾ സിഗ്നൽ തരാൻ ഇല്ലെങ്കിൽ അപകട സാധ്യത ഏറെയാണ്. അപകടകരമായ രീതിയിൽ ബോർഡുകൾ സ്ഥാപിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു യാതൊരു ചോദ്യവും ഉയർന്നില്ലെന്നുള്ളതാണ് വിചിത്രം. അനുമതിയില്ലാതെ കുറ്റൻ ബോർഡുകൾ സ്ഥാപിച്ചത് എടുത്തു മാറ്റാൻ തയാറാകാതിരുന്ന അധികൃതർ ഫുട്ബോൾ മത്സരം കഴിഞ്ഞിട്ടും മൗനം തുടരുകയാണ്.
ആരോടു ചോദിക്കാൻ?
പഞ്ചായത്തിൽ നിന്ന് യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് പല യുവജന സംഘടനകളും ലോകകപ്പ് ഫുട്ബോളിന് തങ്ങൾ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ ടീമിനെ ചിത്രീകരിച്ച് ഫ്ലെക്സ് ബോർഡുകൾ തങ്ങൾക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. 20 അടി നീളത്തിൽ 12 അടി ഉയരത്തിലാണ് സാധാരണ ബോർഡുകൾ പോലുമുള്ളത്. ഒരു ചെറിയ ജംഗ്ഷനിൽ കുറഞ്ഞത് മൂന്ന്
ബോർഡുകൾ എങ്കിലും ഉണ്ടാകും. ഒരു ബോർഡിന് കുറഞ്ഞത് 8000 മുതൽ 10,000 വരെ ചെലവുവരും.
ആരാധകർ ഒത്തുചേർന്ന് സ്ഥാപിച്ച ബോർഡുകളാണെങ്കിലും ഉത്തരവാദികളായി ആരുമില്ല. ബോർഡ് നീക്കം ചെയ്യാനോ നടപടിക്കോ ആർക്കു നോട്ടീസ് നൽകണമെന്ന് അധികൃതർക്കും അറിയില്ല. അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചവരെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ഇത്തരമൊരു സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ ഇവ നീക്കം ചെയ്യേണ്ടിവരും.
ഫ്ലെക്സ് ബോർഡുകൾ അനധികൃതമായി ഉയരുന്നതിനെതിരേ കോടതി വിധികൾ നിലവിലുള്ളതാണ്. പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്ന ബോർഡുകൾ സ്ഥാപിക്കുന്നതിനു തന്നെ വിലക്കുള്ളതാണ്. വിലക്ക് നിലനിൽക്കേ ഇതു സ്ഥാപിച്ചവരെ കണ്ടെത്തി നടപടിയെടുക്കുന്നില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ തന്നെ മറുപടി നൽകേണ്ട സാഹചര്യമുണ്ടാകും.
Tags : Nattuvishesham DistrictNews DeepikaNews flex boards