പ്രതീകാത്മക ചിത്രം
പിറവം: കളമ്പൂർ കോട്ടപ്പുറം കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുശേഷിപ്പ് നാളെ പ്രതിഷ്ഠിക്കും. എഡി 492-ൽ ഇറ്റലിയിലെ മോണ്ടേ ഗാർഗാനോ മലനിരയിലെ ഗുഹയിൽ വിശുദ്ധ മിഖായേൽ മാലാഖ പ്രത്യക്ഷപ്പെട്ടതായാണ് സാക്ഷ്യപ്പെടുത്തുന്നത്. പിന്നിട് ഇവിടെ ദേവാലയവും സ്ഥാപിച്ചു. ഈ ഗുഹയിൽ നിന്നും ലഭിച്ച തിരുശേഷിപ്പാണ് എറണാകുളം അതിരുപതയിൽ 1839ൽ സ്ഥാപിച്ച പിറവത്തെ കോളങ്ങായി പള്ളിയിൽ പ്രതിഷ്ഠിക്കുന്നത്.
ഇറ്റലിയിൽ നിന്നും വൈദികർ തിരുശേഷിപ്പ് പിറവത്ത് എത്തിക്കും. നാളെ രാവിലെ 8.30 വരെ പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ പൊതുദർശനവും വണക്കവും നടത്തും. തുടർന്ന് 8.30ന് തിരുശേഷിപ്പ് പ്രയാണം ആരംഭിച്ച്, 9.30ന് കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളിയിലെ മാലാഖ സന്നിധിയിൽ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും. ഇതിനുശേഷം വിശുദ്ധ സെബാസ്ത്യാനോസ്, വിശുദ്ധ ഗീവർഗീസ്, വിശുദ്ധ അൽഫോൻസാമ്മ എന്നിവരുടെ സംയുക്ത തിരുനാൾ നടക്കും. 10ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. വിപിൻ കുരിശുതറ, ഫാ. വിനിൽ കുരിശുതറ എന്നിവർ കാർമികത്വം വഹിക്കും.
Tags : Nattuvishesham DistrictNews DeepikaNews Church