കുറവിലങ്ങാട്: ലഹരിക്കെതിരായ പോരാട്ടം എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് മന്ത്രി മോൻസ് ജോസഫ്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെയും ഓപ്പറേഷന് തൂഫാന്റെയും കടുത്തുരുത്തി നിയോജക മണ്ഡലതല ഉദ്ഘാടനം ദേവമാതാ കോളജില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന് തൂഫാന് നടപ്പാക്കുന്നത്. യുവതലമുറ ലഹരിയുടെ വഴിയിലേക്ക് പോകാതിരിക്കുന്നതിനും വഴിതെറ്റിപ്പോയവരെ തിരിച്ചുകൊണ്ടുവരുന്നതിനുമുള്ള പരിശ്രമമാണിതെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷന് തൂഫാന്റെ പതാക ഉയര്‍ത്തിയ മന്ത്രി ബൈക്ക് റാലിയുടെ ഫ്ളാഗ് ഓഫും നിര്‍വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
വൈക്കം ഡിവൈഎസ്.പി കെ. സജീവ്, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹന്‍കുമാര്‍, ദേവമാതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, കുറവിലങ്ങാട് എസ് എച്ച് ഒ പി.ജെ. കുര്യാക്കോസ് , കോളജ് ബര്‍സാര്‍ ഫാ. ജോസഫ് മണിയന്‍ചിറ എന്നിവർ പ്രസംഗിച്ചു.
Tags : The Fight Against Substance Nattuvishesham District news