തെന്മല: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സ്വന്തം കൈയിൽ നിന്ന് പണംമുടക്കി നടപ്പാലം പണിത് പഞ്ചായത്ത് മെംബർ. തെന്മല പഞ്ചായത്തിലെ പുളിമുക്ക് വാർഡ് മെംബർ എസ്.ആർ. ഷീബയാണ് താത്കാലിക പാലം നിർമിച്ചുനൽകിയത്. പാറക്കൊങ്കൽ തോടിനു കുറുകെ പാലം ഇല്ലാത്തതിനാൽ മഴക്കാലത്ത് ആൾക്കാർക്ക് നടന്നുപോകാൻ പ്രയാസമായിരുന്നു. കുട്ടികളടക്കം സ്കൂളിൽ പോകാൻ വളരെ ബുദ്ധിമുട്ടിയിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഇവിടെ നടപ്പാലം നിർമിക്കാൻ നടപടി സ്വീകരിച്ചെങ്കിലും സർക്കാർ ഉത്തരവ് തടസമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇവിടെ യുഡിഎഫ് സ്ഥാനാർഥിയായി എത്തിയ എസ്.ആർ. ഷീബയോട് ഇവിടത്തെ കുടുംബങ്ങൾ നടപ്പാലത്തിന്റെ ആവശ്യം പറഞ്ഞിരുന്നു. പഞ്ചായത്തിൽ നിന്ന് തത്കാലം പാലം നിർമിക്കാൻ കഴിയില്ലെന്നു കണ്ടാണ് സ്വയം പണം മുടക്കാൻ തയാറായതെന്ന് ഷീബ പറഞ്ഞു. ഉദ്ഘാടനം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ശശിധരൻ നിർവഹിച്ചു.
Tags : Local News Nattuvishesham Kollam