തൊടുപുഴ: ലഹരിക്ക് അടിമകളായവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളജില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ലഹരിയുടെ വിപത്തില്‍നിന്ന് മോചിപ്പിക്കാനുള്ള വലിയ തുടക്കമാണ് ഓപ്പറേഷന് തൂഫാന്. പദ്ധതിയിലൂടെ ലഹരിയുടെ ഉപഭോക്താക്കളെയും വിപണനം നടത്തുന്നവരെയും പിടികൂടും. അന്താരാഷ്ട്ര ലഹരി മാഫിയയുടെ വലയില്‍ അകപ്പെടാന്‍ യുവാക്കളെ വിട്ടുകൊടുക്കില്ല. മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ കൂട്ടായ്മയായ ആല്‍ക്കഹോളിക്സ് അനോണിമസ് പോലെ നാര്‍ക്കോട്ടിക്സ് അനോണിമസ് കൂട്ടായ്മ ജില്ലാതലത്തില്‍ ആരംഭിക്കണം.
ഓപ്പറേഷന് തൂഫാന് പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി വലിയ അംഗീകാരമാണ് നല്‍കിയത്. കേരളം തുടങ്ങിവച്ച തൂഫാന് പദ്ധതി രാജ്യമെങ്ങും വ്യാപകമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ നടന് ആസിഫ് അലി വിശിഷ്ടാതിഥിയായിരുന്നു. ജീവിതത്തില്‍ സന്തോഷവും ആരോഗ്യവും നിറയ്ക്കാന്‍ ലഹരിയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ലഹരിവിരുദ്ധ സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അന്‍ഷാദ് മുഹമ്മദ്, രാജീവ് ഭാസ്കര്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി, കൗണ്‍സിലര്‍ പി.എ. ഷാഹുല്‍ ഹമീദ്, നാര്‍ക്കോട്ടിക്സ് സെല്‍ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : The goal Nattuvishesham District news