കല്ലൂപ്പാറ: ഒളിച്ചു കളി അവസാനിപ്പിച്ച് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി. യുഡിഎഫ് കല്ലൂപ്പാറ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കേ യുവതീ പ്രവേശനത്തിന് അനുകൂലമായി നിലവിൽ സർക്കാർ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലം തിരുത്തുമോ എന്നറിയാനാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.
നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ ഉമ്മൻചാണ്ടി സർക്കാർ നേരത്തേ നൽകിയിരുന്ന സത്യവാങ്മൂലം പിൻവലിച്ചാണ് പിണറായി സർക്കാർ യുവതീ പ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകിയത്.
അന്ന് വനിതാ മതിൽ അടക്കം രൂപീകരിച്ച് തീവ്ര നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയും സിപിഎമ്മും സുപ്രീംകോടതി രൂപീകരിച്ചിരിക്കുന്ന ബഞ്ച് കേസ് കേൾക്കാൻ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ അതേ നിലപാട് തുടരുമോ സത്യവാങ്മൂലം തിരുത്തുമോ എന്ന് വ്യക്തമാക്കിയേ മതിയാകൂവെന്ന് പുതുശേരി പറഞ്ഞു.
മണ്ഡലം ചെയർമാൻ ടി.എം. മാത്യു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മണ്ഡലം പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി, പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹൻ, വൈസ് പ്രസിഡന്റ് അജിത വിൽക്കി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. പി. മാത്യു, ജയിംസ് കാക്കനാട്ട്, റെജി ചാക്കോ, മോഹൻ കോടമല, കെ ബി രാമചന്ദ്രൻ, ശോശാമ്മ ജോർജ്, സൂസൻ തോമസ്, റ്റിബി സൂസൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 27-നു തിരുവല്ലയിൽ നടക്കുന്ന പുതുയുഗ യാത്ര സ്വീകരണത്തിൽ 500 പേരെ പങ്കെടുപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
Tags : nattu vishesham government should women into Sabarimala.