ഇഎസ്എ
ഇഎസ്എ കരട് വിജ്ഞാപനം - ആക്ഷേപം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
കരുവാരക്കുണ്ട്: ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിനെതിരേ പ്രതിഷേധങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇ-മെയില്‍ വഴിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദേശങ്ങളും ആക്ഷേപങ്ങളും അറിയിക്കേണ്ടത്.
ജൂലൈ 27ന് പുറത്തിറക്കിയ വിജ്ഞാപനത്തിന്മേലാണ് ഇന്നു വരെ സമയം അനുവദിച്ചിരുന്നത്. വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ കരുതല്‍ മേഖല (ബഫര്‍ സോണ്‍) വേണമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് പുതിയ കരട് വിജ്ഞാപനം മലയോര ജനതയുടെ ആശങ്ക ഇരട്ടിയാക്കുന്നത്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍പ്പെടെ ഇഎസ്എ പട്ടികയില്‍പ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം.
റബര്‍, കാപ്പി, കുരുമുളക്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് വീടുനിര്‍മാണം, കൃഷിയിട വികസനം, റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം വരുമോ എന്നാണ് പ്രധാന ആശങ്ക. വനഭൂമിയും ജനവാസ മേഖലകളും ഒരേ മാനദണ്ഡത്തില്‍ പരിഗണിക്കരുതെന്നും, കുടുംബങ്ങളുടെ വീടുകളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തുകളും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഖനനം, ക്വാറി, വലിയ നിര്‍മാണ പദ്ധതികള്‍ എന്നിവയ്ക്ക് വിലക്കുണ്ടെങ്കിലും നിയന്ത്രണങ്ങളുടെ വ്യാപ്തി ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജില്ലയില്‍ 11 വില്ലേജുകളിലെ മൂന്ന് ലക്ഷം പേരെ ബാധിക്കും
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം അംഗീകരിക്കപ്പെട്ടാല്‍ ജില്ലയിലെ മലയോര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. ജില്ലയിലെ 11 വില്ലേജുകളിലായി 770.05 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇഎസ്എ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2011-ലെ കണക്കനു
സരിച്ച് 2,95,900 ആളുകള്‍ വസിക്കുന്ന മേഖലയാണിത്. നിലവിലെ ജനസംഖ്യ ഇതിലും വളരെ കൂടുതലായതിനാല്‍ വിജ്ഞാപനത്തിന്റെ ആഘാതം വലുതായിരിക്കും.
കരട് പട്ടികയില്‍പ്പെട്ട വില്ലേജുകളില്‍ വഴിക്കടവിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് 47,322. അമരമ്പലം (35,975), ചുങ്കത്തറ (35,406), പോത്തുകല്ല് (29,561) കരുവാരക്കുണ്ട് (26,712), കരുളായി (25,758), കാളികാവ് (22,018), കുറുമ്പലങ്ങോട് (21,803), ചോക്കാട് (19,510), അകമ്പാടം (16,964), കേരള എസ്റ്റേറ്റ് (14,871) എന്നിങ്ങനെയാണ് മറ്റു വില്ലേജുകളിലെ ബാധിത ജനസംഖ്യ.
സംസ്ഥാനത്തൊട്ടാകെ 131 വില്ലേജുകളിലായി 9,993.7 ച.കി. മീറ്റര്‍ പ്രദേശമാണ് കേന്ദ്ര കരട് പട്ടികയിലുള്ളത്.
ഇതില്‍ 9,107 ച.കി. മീറ്റര്‍ വനഭൂമിയും 886.7 ച.കി. മീറ്റര്‍ വനേതര പ്രദേശ
വുമാണ്. എന്നാല്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി 98 വില്ലേജുകളിലായി 8,711.98 ച.കി. മീറ്റര്‍ പ്രദേശം മാത്രം വിജ്ഞാപനം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നത്. നിലവിലുള്ള വീടുകളുടെ നവീകരണത്തിന് തടസമില്ലെന്ന് കരടില്‍ പറയുന്നുണ്ടെങ്കിലും മലയോരവാസികളുടെ ആശങ്ക അകന്നിട്ടില്ല.
പ്രമേയം പാസാക്കി ചാലിയാര്‍ പഞ്ചായത്ത്
നിലമ്പൂര്‍: ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ പ്രമേയം പാസാക്കി ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ. നിലമ്പൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട 11 വില്ലേജുകളാണ് ഇഎസ്എ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചാലിയാര്‍ പഞ്ചായത്തിന്റെ ഭാഗങ്ങള്‍ കുറുമ്പലങ്ങോട്, അകമ്പാടം,പുള്ളിപ്പാടം വില്ലേജുകളില്‍ ഉള്‍പ്പെട്ടതാണ്.
കുറുമ്പലങ്ങോട്, അകമ്പാടം വില്ലേജുകള്‍ ഇഎസ്എ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടതോടെ പഞ്ചായത്തിന്റെ 16 വാര്‍ഡുകളില്‍ പെരുവമ്പാടം ഒഴികെ 15 വാര്‍ഡുകളും ഇഎസ്എ പരിധിയിലാണ്. ഈ സാഹചര്യത്തിലാണ് ചാലിയാര്‍ പഞ്ചായത്ത് ഹാളില്‍ പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ത്ത് കരട് വിജ്ഞാപനത്തില്‍നിന്ന് അകമ്പാടം, കുറമ്പലങ്ങോട് വില്ലേജുകളെ ഒഴിവാക്കണമെന്ന പ്രമേയം പാസാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷന്‍ അനീഷ് അഗസ്റ്റ്യൻ പ്രമേയം അവതരിപ്പിച്ചു. യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് തോണിക്കടവന്‍ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീനാ ആന്റണി, റസിയ മാട്ടേല്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ അകമ്പാടം,കാട്ടുമുണ്ട ബഷീര്‍, ബിജി സുരേഷ്, നസീമ, പ്രവീണ, മൈമൂന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. വിശ്വനാഥന്, തോണിയില്‍ സുരേഷ്, ഹാരീസ് ആട്ടിരി, പി.ടി. ഉസ്മാന്, നാലകത്ത് ഹൈദരലി, ഹസന് ചെറുശോല, യു. കുഞ്ഞിതു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews hill people