മുന്‍ വര്‍ഷങ്ങളില്‍ കെട്ടി ഉയര്‍ത്തിയ വജ്രതേജോമുഖന്. (ഫയല്‍ ചിത്രം)
കരുനാഗപ്പള്ളി : കാളകെട്ടുത്സവത്തിന് ഓച്ചിറ പടനിലത്തില്‍ ഇക്കുറി ആചാരപ്രകാരമുള്ള ചെറിയ നന്ദികേശന്മാര് മാത്രം. രണ്ടുപതിറ്റാണ്ട് ഓണാട്ടുകരയ്ക്ക് അഭിമാനമായിരുന്ന വജ്രതേജോമുഖന് ഇത്തവണ ഉണ്ടാകില്ല. പകരമാണ് ചെറിയ നന്ദികേശന്മാരെ അണിയിച്ചൊരുക്കി ഇറക്കാന്‍ ക്ലാപ്പന ആലുംപീടിക ജീനിയസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
ഒരു വര്‍ഷം മുമ്പുള്ള കാളകെട്ടുത്സവ സമയത്താണ് ക്ലബ് അംഗം സുനില്‍ റോഡ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുനില്‍ ആംബുലന്‍സ് സേവനം ലഭിക്കാതെ മണിക്കൂറുകളാണ് റോഡില്‍ കിടന്നത്. ഇതോടെയാണ് ചെലവുചുരുക്കി ആചാരപ്രകാരം ചെറിയ നന്ദികേശന്മാരെ ഒരുക്കിയശേഷം ബാക്കിയുള്ള പണം ഉപയോഗിച്ച് നാട്ടുകാര്‍ക്കായി ആംബുലന്‍സ് വാങ്ങി നല്കാന് ക്ലബ് തീരുമാന ിക്കുകയായിരുന്നു. കഴിഞ്ഞതവണ കാളകെട്ടിനായി ചട്ടംകൂട്ട് ചടങ്ങ് നടന്നപ്പോള്‍ തന്നെ ഇത്തരമൊരു ആശയം ഉയര്‍ന്നിരുന്നു.
ഇതാണ് ഇക്കുറി യാഥാര്‍ഥ്യമാകുന്നത്.\
ഓര്‍മയാകുന്നത് 42 അടി ഉയരമുള്ള നന്ദികേശന്. ഓണാട്ടുകരയിലെ മറ്റ് കാളക്കൂറ്റന്മാരില് നിന്ന് പുതുമകളുള്ള കെട്ടുകാളയായിരുന്നു വജ്രതേജോമുഖന്. 42 അടി ഉയരമുള്ള ഈ കൂറ്റന്‍ നന്ദികേശന്മാര് തലപ്പൊക്കത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു. വ്യത്യസ്തങ്ങളായ കൊത്തുപണി കാരണം വജ്രതേജോമുഖന് ശ്രദ്ധനേടി. ഇരുചട്ടത്തിലുമുള്ള മകരമത്സ്യവും താങ്ങിനില്ക്കുന്ന സിംഹക്കാലും മ്യൂറല്‍ പെയിന്റ് ചെയ്ത 15അടി നീളവും പത്തടി വീതിയും ഉള്ള വീരാളിപ്പട്ടും ആകര്‍ഷണമായിരുന്നു.
രണ്ട് നന്ദികേശ ശിരസിന്റെയും നടുവില്‍ നാഗരാജ, നാഗയക്ഷി സങ്കല്പത്തിലുള്ള ശില്പങ്ങള്, പുറത്തേക്ക് തിരിഞ്ഞുനില്‍ക്കുന്ന ചുരികമൂരി ശൈലിയിലുള്ള കൊമ്പുകള്‍ എന്നിവയെല്ലാം വജ്രതേജോമുഖന്റെ മനസില്‍ തങ്ങി നില്ക്കുന്ന സവിശേഷതകളാണ്.
Tags : Nattuvishesham District News Ochira Kaalakettal