പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനപള്ളിയില്നിന്നും പുറപ്പെട്ട വേളങ്കണ്ണി തീര്‍ഥാടകസംഘത്തെ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. കുര്യാക്കോസ് കൊടകല്ലില്‍
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനപള്ളിയില്‍നിന്നുള്ള നാലംഗ സംഘത്തിന്റെ വേളാങ്കണ്ണി കാല്നടതീര്ഥയാത്ര മൂന്നാം വര്‍ഷവും മുടങ്ങാതെ തുടരുന്നു. പൈങ്ങോട്ടൂരില്‍നിന്നും വേളാങ്കണ്ണിയിലേക്ക് 625 കിലോമീറ്റർ ദൂരമാണുളളത്. കഴിഞ്ഞ 13ന് ആരംഭിച്ച പദയാത്ര ഇന്നലെ രാത്രി തമിഴ്നാട്ടിലെ അയിലൂരിലെത്തി. നാളെ രാത്രി ട്രിച്ചിയിലെത്തുന്ന തീര്‍ത്ഥാടകസംഘം 27ന് സന്ധ്യയോടെ വേളാങ്കണ്ണി പള്ളിയില്‍ പ്രവേശിച്ച് 29ന് മടങ്ങും.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച 15 നോമ്പ് മാതാവിന്റെ സ്വര്ഗാരോപണതിരുനാളില് മുറിക്കാതെ സെപ്റ്റംബര്‍ എട്ടിന് പിറവിത്തിരുനാള്വരെ തുടരുമെന്ന് സംഘാംഗമായ ചാള്‍സ് വാട്ടപ്പിള്ളില്‍ പറഞ്ഞു.
പൈങ്ങോട്ടൂര്‍ ഇടവകയില്‍നിന്നും ചാള്‍സിനോടൊപ്പം ബിജു കൂരീക്കാട്ടില്‍, ജോണിവാക്കര്‍ തെങ്ങുംകുടിയില്‍, സോജിന് പുതുശേരി എന്നിവരുമാണ് തുടര്‍ച്ചയായി മൂന്നാംവര്‍ഷവും വേളാങ്കണ്ണിയിലേക്ക് പദയാത്ര നടത്തുന്നത്. ഇവർക്കൊപ്പം മറ്റ് ഇടവകളിൽനിന്നുള്ളവരുമുണ്ട്.
Tags : NattuVishesham DistricteNews