കോട്ടയം: സംസ്ഥാനത്തേക്കുള്ള മാടുകളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ജില്ലയിലെ ഇറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായി. മുന്‍കാലങ്ങളെ അപേക്ഷിച്ചു സംസ്ഥാനത്തേക്ക് എത്തുന്ന പോത്തിന്റെയും കാളയുടെയും എണ്ണം നാലിലൊന്നായി കുറഞ്ഞതാണു വിപണിയെ വലിയ തോതില്‍ ബാധിച്ചിരിക്കുന്നത്.
ഏതാനും മാസങ്ങളായി തുടരുന്ന മാടുകളുടെ ക്ഷാമം വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. ഉയര്‍ന്ന വില നല്‍കിയിട്ടും മാടുകളെ ലഭിക്കുന്നില്ല. മാസങ്ങള്‍ക്കു മുമ്പുവരെ ആന്ധ്രാപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ നിന്നാണ് മാടുകളെ എത്തിച്ചിരുന്നത്. ഇപ്പോള്‍ യുപി, ഹരിയാന എന്നിവിടങ്ങളില്‍നിന്നാണ് എത്തിക്കുന്നത്. ലോറികളില്‍ എത്തിക്കുന്ന മാടുകളെ വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശില്‍ വ്യാപകമായി പിടിച്ചെടുക്കുന്നതാണ് സംസ്ഥാനത്തേക്ക് കാലികള്‍ എത്താത്ത സാഹചര്യമുണ്ടാക്കിയത്.
കഴിഞ്ഞയാഴ്ച സംസ്ഥാനത്തേക്ക് എത്തിച്ച അഞ്ഞൂറോളം മാടുകളെയാണ് ആന്ധ്രാപ്രദേശില്‍ പിടിച്ചെടുത്തത്. രാഷ്ട്രപതിക്ക് ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടും മാടുകളെ പിടിച്ചെടുക്കുന്നതിനു പരിഹാരമാകുന്നില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്. മാടുകളെ വാഹനത്തില്‍ കൊണ്ടുപോകുന്നതിന് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാണെന്നതാണു നിയമം.
എന്നാല്‍ ആന്ധ്രയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അനധികൃത ജപ്തികള്‍ വര്‍ധിച്ചു. മാഫിയകളുടെ നിയന്ത്രണത്തിലുള്ള മാടുകള്‍ക്കു മാത്രമാണു തടസമില്ലാതെ ഗതാഗതം സാധ്യമാകുന്നത്. തടസങ്ങള്‍ ഒഴിവാക്കാന്‍ എന്ന പേരില്‍ ഗുണ്ടാ സംഘങ്ങള്‍ വന്‍തുക വാങ്ങുന്നതായും വ്യാപാരികള്‍ പരാതിപ്പെടുന്നു.
രാജ്യത്ത് മാടുവളര്ത്തല് കുറഞ്ഞതും ഇറച്ചിക്ഷാമത്തിനു കാരണമാണ്. ലഭ്യത കുറഞ്ഞതിനൊപ്പം ചെലവും വര്‍ധിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും പോത്തിറച്ചിക്കു വില വര്‍ധിച്ചു. ചില സ്ഥലങ്ങളില്‍ പോത്തിറച്ചി എന്ന പേരില്‍ കാള ഇറച്ചി നല്കി കബളിപ്പിക്കുന്നുമുണ്ട്. ഇറച്ചി കിട്ടാത്ത സ്ഥിതിയായതോടെ ജില്ലയിലെയും സമീപ ജില്ലയിലെയും ഭൂരിഭാഗം കടകളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഹോട്ടല്‍, കാറ്ററിംഗ് മേഖലയും പ്രതിസന്ധിയിലാണ്.
സംസ്ഥാനത്തെ ഇറച്ചി ക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇറച്ചി വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ഇന്നും നാളെയും കടകള്‍ അടച്ചിടും
മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പോത്തിറച്ചി വില്‍ക്കുന്ന കടകള്‍ ഇന്നും നാളെയും അടച്ചിടും. ഇറച്ചി വില്പന മേഖലയില്‍ ഉണ്ടായിരിക്കുന്ന വന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്നും നാളെയും കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പോത്തിറച്ചി വിൽക്കുന്ന കടകള്‍ അടച്ചിടാന്‍ മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് തീരുമാനിച്ചത്.
Tags :