മലപ്പുറം: ആരോഗ്യകരവും സന്തുഷ്ടവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങളുടെ ബോധപൂർണമായ തീരുമാനങ്ങൾക്ക് നിർണായക സ്ഥാനമുണ്ടെന്ന് ഡിഎംഒ ഡോ.വി.വിനോദ്. വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള ഉത്തരവാദിത്വമുള്ള തീരുമാനങ്ങൾ വ്യക്തിയുടെയും കുടുംബത്തിന്റെയും ഭാവിയെ മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യത്തെയും പുരോഗതിയെയും സ്വാധീനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് മലപ്പുറം ഗവണ്മെന്റ് കോളജിൽ നടത്തിയ ലോക ജനസംഖ്യാദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിഎംഒ.
"പ്രസവങ്ങൾ തമ്മിൽ മതിയായ ഇടവേള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും’ എന്നതാണ് ഈ വർഷത്തെ സന്ദേശം. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പ്രസവങ്ങൾക്കിടയിൽ ഇടവേള പാലിക്കുന്നത് അമ്മയുടെ ആരോഗ്യവും നവജാതശിശുവിന്റെ വളർച്ചയും സുരക്ഷിതമാക്കാൻ സഹായിക്കുന്നു. ഇത് അമ്മമാരിലെ രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭകാല-പ്രസവ സങ്കീർണതകൾ എന്നിവയുടെ സാധ്യത കുറയ്ക്കുകയും കുഞ്ഞ് കുറഞ്ഞ ജനനഭാരം, ശിശുമരണ സാധ്യത എന്നിവ കുറയുന്നതിനും സഹായിക്കുകയും ചെയ്യുന്നു.
സ്ഥിര കുടുംബാസൂത്രണ മാർഗങ്ങളെക്കുറിച്ചും താത്കാലിക കുടുംബാസൂത്രണ മാർഗങ്ങളായ കോപ്പർ-ടി, ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന കുത്തിവയ്പുകൾ, കോണ്ഡം എന്നിവയെക്കുറിച്ചുള്ള ശരിയായ അറിവും ലഭ്യതയും ദന്പതികൾക്ക് അവരുടെ കുടുംബം സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ കുടുംബാസൂത്രണ സേവനങ്ങളും ഉപദേശങ്ങളും സൗജന്യമായി ലഭ്യമാണ്. വിവാഹിതരായ ദന്പതികൾ തങ്ങൾക്ക് അനുയോജ്യമായ മാർഗം തെരഞ്ഞെടുക്കാൻ ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും ഉപദേശം തേടേണ്ടതാണെന്നും ഡിഎംഒ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. എ. ഷിബുലാൽ അധ്യക്ഷനായിരുന്നു. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി, ഡിഎസ്ഒ ഡോ. സി. ഷുബിൻ, ഡിഎൻഒ ബീഗം ജാസ്മിൻ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ പി. രാജൻ, പി. ദേവദാസ്, എൻഎസ്എസ് കോ ഓർഡിനേറ്റർ ബിൻസി, ഐഇസി കണ്സൾട്ടന്റ് ദിവ്യ എന്നിവർ പങ്കെടുത്തു. മലപ്പുറം താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പി.സി. അന്പിളി കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം വിഷയത്തിൽ ക്ലാസടത്തു.
Tags : right decisions made youth form the foundation