തൊടുപുഴ: വേനല്‍ കനത്തു തുടങ്ങിയതിനിടെ വരാനിരിക്കുന്നത് കടുത്ത ചൂടിന്റെ ദിനങ്ങളായിരിക്കുമെന്ന സൂചനകള്‍ കാലാവസ്ഥാ വിഭാഗം നല്‍കിയതോടെ ജില്ല ആശങ്കയില്‍. ഇതിനോടകംതന്നെ ജില്ലയുടെ പലഭാഗത്തും ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ കുടിവെള്ളക്ഷാമം അതീവ രൂക്ഷമാകുമെന്നാണ് സൂചന.
ജനുവരി പകുതിയോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. കുന്നിന് മുകളിലുള്ള നീര്‍ച്ചാലുകള്‍ വരണ്ടുണങ്ങിത്തുടങ്ങി. ജലസമൃദ്ധമായിരുന്ന പല വെള്ളച്ചാട്ടങ്ങളും തോടുകളും നീരൊഴുക്കു നിലച്ച അവസ്ഥയിലാണ്. ഹൈറേഞ്ചിനെ ജലസമൃദ്ധമാക്കുന്ന പെരിയാര്‍ പോലും വരണ്ടുതുടങ്ങി. ജലസ്രോതസുകളും വറ്റിത്തുടങ്ങിയതോടെ വെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണു പലയിടത്തും സംജാതമായിരിക്കുന്നത്.
കാര്‍ഷിക മേഖലയെ ബാധിക്കും
വേനല്‍ കാര്‍ഷിക മേഖലയിലും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഹൈറേഞ്ചില്‍ നന്നായി ജലസേചനം ആവശ്യമുള്ള ഏലം, ജാതി, ഫലവര്‍ഗ കൃഷി എന്നിവ ഇപ്പോള്‍ വ്യാപകമായുണ്ട്. വേനലിന്റെ ആരംഭത്തില്‍തന്നെ ജലസ്രോതസുകള്‍ വറ്റിത്തുടങ്ങിയതോടെ ചെടികള്‍ നനയ്ക്കാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
ഏലച്ചെടികളെ ഇപ്പോള്‍തന്നെ വേനല്‍ച്ചൂട് ബാധിച്ചുകഴിഞ്ഞു. വേണ്ടത്ര നന ലഭിക്കാത്തതിനാല്‍ ജാതിച്ചെടികളില് കായ്കള്‍ വ്യാപകമായി പൊഴിഞ്ഞുതുടങ്ങി. കുരുമുളകു ചെടികളെയും ചൂട് ദോഷകരമായി ബാധിക്കുന്നുണ്ട്. ജില്ലയില്‍ ഏതാനും വര്‍ഷമായി സജീവമായി ചെയ്യുന്ന ഫലവര്‍ഗ കൃഷിയെയും കടുത്ത ചൂട് പ്രതികൂലമായി ബാധിക്കും.
ജലം പാഴാകുന്നു
കടുത്ത വരള്‍ച്ചയില്‍ നാട്ടുകാര്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുമ്പോള്‍ ജലവിതരണ പൈപ്പുകള്‍ പൊട്ടി വലിയ അളവിൽ വെള്ളം പാഴാകുന്നതും പതിവു കാഴ്ചയാണ്. ജില്ലയില്‍ കടലാസില്‍ ഒതുങ്ങിയതും പാതിവഴിയില്‍ നിലച്ചതുമായ ഒട്ടേറെ ശുദ്ധജല പദ്ധതികളുണ്ട്.
വരള്‍ച്ച മുന്നില്‍ക്കണ്ട് മെല്ലെപ്പോക്ക് അവസാനിപ്പിച്ച് പരിഹാര നടപടികള്‍ സ്വീകരിച്ചാല്‍ നാടിനു പ്രയോജനകരമാകുന്ന പദ്ധതികളാണ് ഇവയില്‍ ഭൂരിഭാഗവും. മൂന്നു പഞ്ചായത്തുകളില്‍ ജലവിതരണം സാധ്യമാക്കുന്ന മലങ്കര സമ്പൂര്‍ണ കുടിവെള്ളപദ്ധതി നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്.
ചൂടിനെ പ്രതിരോധിക്കാന്‍
കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ വിവിധ മാര്‍ഗങ്ങൾ തേടുമ്പോള്‍ കടകളിലും വില്പ്പനത്തിരക്കേറി. എസി, ഫാന്‍, കുപ്പിവെള്ളം, ശീതളപാനീയങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ട്. നേരത്തേ ഫാന്‍ കൈയടക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എസിയുടെ കാലമാണ്. ഒരു കാലത്ത് ആഡംബരമായി കണക്കാക്കിയിരുന്ന എസി ഇപ്പോള്‍ വീടുകളില്‍ അവശ്യവസ്തുവായി മാറി. വേനലിന്റെ തുടക്കത്തില്‍തന്നെ എയര്‍ കണ്ടീഷണര്‍ വില്‍പ്പന ഉയര്‍ന്നു.
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് എസി വില്‍പ്പനയിലെ കുതിപ്പ്. ജില്ലയിലെ പ്രധാന ടൗണുകളിലെ ഗൃഹോപകരണ ശാലകളിലെല്ലാം എസി വില്‍പ്പന തകൃതിയായി. വിവിധ കമ്പനികളും വില്‍പ്പനശാലകളും ആകര്‍ഷണീയമായ ഒട്ടേറെ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എസിക്കു മാത്രമല്ല ഫ്രിഡ്ജിനും വില്‍പ്പന കൂടിയിട്ടുണ്ട്. ഫാനുകള്ക്കും നേരിയതോതില്‍ വില്‍പ്പന കൂടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആവശ്യക്കാര്‍ കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
കുതിക്കുന്നു കുപ്പിവെള്ളം
ചൂടു കൂടിയതോടെ കുപ്പിവെള്ളത്തിന്റെ വിൽപ്പന കുതിച്ചുയര്‍ന്നു. ഒരു ലിറ്റർ കുപ്പിവെള്ളത്തിനു പുറമേ ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന 20 ലിറ്റര്‍ ജാര് വെള്ളത്തിനും ഇപ്പോള്‍ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്.
ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപയാണ് കടകളില്‍ നിരക്ക്. 20 ലിറ്ററിന് 60 രൂപയും. ചൂടു കൂടിയതോടെ കുപ്പിവെള്ളം കരുതാതെ യാത്രകള്‍ സാധ്യമല്ലാത്ത സ്ഥിതിയായി. സര്‍ക്കാര്‍ കുപ്പിവെള്ളമായ ഹില്ലി അക്വാ ലിറ്ററിന് പത്തു രൂപയ്ക്ക് ലഭിക്കും.
തണുപ്പിക്കാന്‍ ശീതളപാനീയം
കരിക്കിനും കരിമ്പിന് ജ്യൂസിനും തണ്ണിമത്തനുമെല്ലാം ഡിമാന്‍ഡ് ഏറി. തമിഴ്നാട്ടില്‍നിന്നു വന്‍തോതിലാണ് തണ്ണിമത്തന് ജില്ലയിലെത്തുന്നത്. പാതയോരങ്ങളില്‍ കരിക്ക് വില്‍പ്പനയും തകൃതിയാണ്. മിക്കയിടങ്ങളിലും 70 മുതല്‍ 80 വരെയാണ് കരിക്കിന് വില. വേനല്‍ കണക്കിലെടുത്താണ് 80 രൂപയായി ഉയര്‍ത്തിയത്. നാടന്‍ കരിക്കിനു പുറമേ തമിഴ്നാട്ടില്‍നിന്നുള്ള കരിക്കും വിപണിയിലുണ്ട്. കരിമ്പിന് ജൂസിന്റെ വില്‍പ്പനയും തകൃതിയാണ്.
പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത നാടന്‍ സംഭാരവും വില്‍പ്പനയ്ക്കുണ്ട്. ബേക്കറികളിലും ജൂസ് പാര്‍ലറുകളിലും ഫ്രഷ് ലൈം, സോഡാ നാരങ്ങാവെള്ളം, ഫ്രഷ് ജൂസുകള്‍, ഷേക്കുകള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.
Tags : nattu vishesham earth and the mind are drying up