കെ.പി. അഷ്റഫിന്റെ വീട്ടുമതിൽ തകർന്ന നിലയിൽ.
കൂത്തുപറമ്പ്: ശക്തമായ മഴയിൽ വീടിന്റെ മതിൽ തകർന്നുവീണു. വീടിനും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിനും കേടുപാടുകൾ സംഭവിച്ചു. കതിരൂർ പൊന്ന്യം സ്രാന്പിയിലെ പുല്യോടി റോഡിലുള്ള കളരിമുക്കിൽ ഫാത്തിമാസിൽ കെ.പി. അഷ്റഫിന്റെ വീടിന്റെ മതിലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നുവീണത്. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം.
കിടപ്പുമുറിയോടു ചേർന്നുള്ള ഭാഗത്തേക്കാണു മതിൽ പതിച്ചത്. ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന അഷ്റഫിന്റെ മകൻ ആരിഫും ഭാര്യ ഷംനയും മകൻ സഹ്റാനും ഉടൻ സുരക്ഷിത സ്ഥലത്തേക്കു മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്ത് കതിരൂർ പോലീസും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി. മഴ തുടരുന്ന സാഹചര്യത്തിൽ അപകടഭീഷണിയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.