പെരുന്തേനരുവി വെള്ളച്ചാട്ടത്തോടു ചേർന്ന വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ കിണർ. മഴക്കാലത്തു മാത്രമാണ് ഇതുവഴി വെള്ളം ഒഴുകുന്നത്.
റാന്നി: വെച്ചൂച്ചിറ - പെരുന്തേനരുവി ജലസംഭരണിയോടു ചേർന്നുള്ള വെള്ളം സ്വന്തം പഞ്ചായത്തിലെ ജനങ്ങൾക്കു നൽകാനാകില്ലെന്ന് ജല അഥോറിറ്റി. ജൽ ജീവൻ മിഷൻ വഴി തുടങ്ങിവച്ച കൊല്ലമുള പദ്ധതി ഉപേക്ഷിക്കാനും തീരുമാനം.
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് രണ്ട് പദ്ധതികളാണ് ജൽ ജീവൻമിഷൻ മുഖേന ആവിഷ്കരിച്ചിരുന്നത്. ഇതിൽ കൊല്ലമുള പദ്ധതിയുടെ നടത്തിപ്പ് അടൂര്‍ പ്രോജക്ട് ഡിവിഷനിലും വെച്ചൂച്ചിറ പദ്ധതി വിപുലീകരണം പത്തനംതിട്ട ഡിവിഷനിലുമാണ് ഉൾപ്പെടുത്തിയിരുന്നത്.
ജല അഥോറിറ്റി കോട്ടയം ഡിവിഷന് എരുമേലി ശുദ്ധജല പദ്ധതിക്കായി വെച്ചൂച്ചിറ പെരുന്തേനരുവി കെഎസ്ഇബിയുടെ ഡാമിനോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കിണറ്റില്‍നിന്നു പന്പ് ചെയ്ത് എത്തിക്കുന്ന വെള്ളം മുക്കൂട്ടുതറ എംഇഎസ് കോളജിനുസമീപം സ്ഥാപിച്ചിട്ടുള്ള 20 എംഎല്‍ഡി ശേഷിയുള്ള ശുദ്ധീകരണ ശാലയില്‍നിന്നു മുൻ ധാരണകൾ പ്രകാരം കൊല്ലമുള പദ്ധതിക്കായി 4.9 എംഎല്‍ഡി വെള്ളം നല്‍കാമെന്നും ഡാം സൈറ്റിലെ കുളത്തില്‍ പുതിയൊരു മോട്ടോര്‍ സ്ഥാപിച്ച് എട്ട് എംഎല്‍ഡി വെള്ളം നവോദയ ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിച്ച് ശുദ്ധീകരിച്ച് വെച്ചൂച്ചിറ പദ്ധതിയിൽ വിതരണം ചെയ്യണമെന്നുമായിരുന്നു കരാർ.
രണ്ട് പദ്ധതികളില്‍നിന്നുമായി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ മാത്രമായി 3000 കണക്ഷനും പഴവങ്ങാടി, നാറാണംമൂഴി, പെരുനാട് ഗ്രാമപഞ്ചായത്തുകളിലായി 1500 കണക്ഷനും നല്കുവാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ സജ്ജം
രണ്ട് പദ്ധതികള്‍ക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ടാങ്കുകളും ശുചീകരണ പ്ലാന്റും സ്ഥാപിക്കുന്നതിനായി ജലഅഥോറിറ്റി നിര്‍ദേശിച്ച വിവിധ ഇടങ്ങളിലായി സ്ഥലവും കണ്ടെത്തി നൽകി.
നവോദയ ആശ്രമം ബൂസ്റ്റിംഗ് സ്റ്റേഷനായി 12 സെന്റ് സ്ഥലവും കുന്നത്ത് വിതരണ ടാങ്കിനായി 10.5 സെന്റ് സ്ഥലവും ഓലിക്കല്‍ വിതരണ ടാങ്കിനായി 12.5 സെന്റ് സ്ഥലവും
കൊല്ലമുള കാരയ്ക്കാട്ട് മലയില്‍ അഞ്ച് സെന്റ് സ്ഥലവും തലമുട്ടിയാനി, പാമ്പിരിക്കന് പാറ എന്നിവിടങ്ങളില്‍ പുറമ്പോക്ക് ഭൂമിയില്‍ സര്‍ക്കാര്‍ അനുമതിയും അച്ചടിപാറ, ആനമാടം എന്നിവിടങ്ങളില്‍ പ്രഷര്‍ ടാങ്കും വിതരണ ടാങ്കും നിര്‍മിക്കുന്നതിന് സ്വകാര്യ ഭൂമിയും 2021ല്‍ത്തന്നെ ജല അഥോറിറ്റിക്കു കൈമാറിയിരുന്നു.
പദ്ധതികള്‍ക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഹൈദരാബാദിലുള്ള കമ്പനിക്ക് ജല അഥോറിറ്റി കരാര്‍ നൽകുകയും ചെയ്തു. ആവശ്യമായ പൈപ്പുകള്‍ വിവിധ ഇടങ്ങളിലായി ഇറക്കി സ്റ്റോക്ക് ചെയ്യുകയും ഭാഗികമായി ഇവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലമുള പദ്ധതിക്കായി ഓലിക്കല്‍, തലമുട്ടിയാനി, കാരയ്ക്കാട്ട് മല എന്നിവിടങ്ങളിലെ ടാങ്കുകള്‍ നിർമിക്കുന്നതിനു ടെൻഡർ ചെയ്ത് കാസർഗോഡുള്ള കന്പനി കരാർ എടുത്തതാണ്.
ഓലിക്കൽ ടാങ്കിന്റെ നിർമാണം ആരംഭിക്കുകയും നിർമാണ സാമഗ്രികൾ ഇറക്കുകയും ചെയ്തിരുന്നു. വെച്ചൂച്ചിറ പദ്ധതിയുടെ ശുചീകരണശാലയ്ക്കായി ഒര് ഏക്കര്‍ സ്ഥലവും വിതരണ ടാങ്കുകള്‍ക്കായി കുംഭിത്തോട്, കുന്നം, പ്ലാവേലി നിരവ്, നവോദയ ആശ്രമം പടി, അരയന്‍പാറ എന്നിവിടങ്ങളിലും ആവശ്യമായ സ്ഥലം എക്സ് സർവീസ് മെൻ കോളനിയുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ ഏറ്റെടുത്തു നൽകിയതാണ്.
വെച്ചൂച്ചിറ പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിനും ബൂസ്റ്ററിംഗ് പ്ലാന്റിനായും ടെൻഡര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ ആരും കരാര്‍ സമര്‍പ്പിച്ചിട്ടില്ല. കുന്നം ടാങ്ക് പ്രാഥമിക കരാര്‍ ഉറപ്പിക്കുകയും തുടർ നടപടികള്‍ നടന്നുവരികയുമാണ്. അച്ചടിപ്പാറയിലും ആനമാടത്തും ടാങ്കിന്റെ പണികള്‍ ഏകദേശം പൂര്‍ത്തിയായി.
മണൽ അടിയുന്നു, സംഭരണശേഷി കുറഞ്ഞു
പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ളഡാമിനോടു ചേർന്നാണ് കിണർ. എന്നാല്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കിണറ്റില്‍ മണല്‍ അടിയുന്നു എന്ന കാരണത്താല്‍ കിണറ്റിലെ വെള്ളം കൊല്ലമുള, വെച്ചൂച്ചിറ പദ്ധതിക്കായി ലഭ്യമല്ലെന്ന് കാണിച്ച് ജല അഥോറിറ്റി ജില്ലാ കളക്ടർക്കു കത്ത് നൽകിയിരുന്നു.
2025 ഡിസംബർ 16ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ പ്രത്യേക യോഗം ചേരുകയുമുണ്ടായി.
മണല്‍ നീക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്നതിനാൽ വെച്ചൂച്ചിറയിലെ രണ്ട് പദ്ധതികളും മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് സൂപ്രണ്ടിംഗ് എൻജിനിയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തുടർന്ന് കൊല്ലമുള പദ്ധതി ഉപേക്ഷിക്കുന്നതിനുള്ള തീരുമാനം ജല അഥോറിറ്റി അറിയിച്ചു.
ഇതിനാവശ്യമായി ഇറക്കിയിട്ടുള്ള പൈപ്പുകള്‍ പത്തനംതിട്ട ജില്ലയുടെ വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കാനും കരാറുകള്‍ റദ്ദു ചെയ്ത് ഇവര്‍ക്ക് നല്‍കാനുള്ള തുക നല്‍കുന്നതിനും തീരുമാനിച്ചു.
പമ്പാ നദി സ്രോതസ്
12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പമ്പാ നദി ഒഴുകുന്നത് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെയാണ്. പെരുന്തേനരുവിയില്‍ സ്ഥാപിച്ചിട്ടുള്ള ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയ കുറഞ്ഞത് 150 ചതുരശ്ര കിലോമീറ്ററോളം വരും. ഇതിനോടു ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കിണറ്റില്‍ വെച്ചൂച്ചിറയ്ക്കും എരുമേലിക്കും ആവശ്യമായ 28 എംഎല്‍ഡി വെളളം ലഭ്യമല്ലെന്നാണ് ജല അഥോറിറ്റിയുടെ വിശദീകരണം. എരുമേലി പദ്ധതിയിലേക്കുള്ള പന്പിംഗ് മുടങ്ങുമോയെന്ന ആശങ്കയിലാണ് വെച്ചൂച്ചിറ പദ്ധതിയെ അവഗണിച്ചതെന്ന ആക്ഷേപവും ഉണ്ട്.
പെരുന്തേനരുവിയിൽ ഡാം നിർമിച്ചതോടെയാണ് വെച്ചൂച്ചിറ പദ്ധതിയുടെ കിണർ വറ്റിവരണ്ടത്. വർഷകാലത്ത് ആറു മാസം മാത്രം വൈദ്യുതി ഉത്പാദിപ്പിച്ച് ബാക്കിയുള്ള സമയം വെള്ളം നദിയിലൂടെ തുറന്നുവിടുമെന്നായിരുന്നു ഡാം നിർമാണ ഘട്ടത്തിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനു നൽകിയിരുന്ന ഉറപ്പ്.
ഉന്നതതല ഇടപെടൽ
വെച്ചൂച്ചിറ, കൊല്ലമുള പദ്ധതികളുടെ പൂർത്തീകരണം ജൽ ജീവൻ മിഷൻ പദ്ധതിയിൽ 2028 ഓടെയെങ്കിലും പൂർത്തീകരിക്കേണ്ടതാണ്. രണ്ടുവർഷംകൂടി പദ്ധതിക്ക് കേന്ദ്ര സർക്കാർ കാലാവധി നീട്ടിനൽകിയതോടെ നിലവിലെ അവസ്ഥ നിർണായകമാണെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയെന്ന നിലയിൽ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം. കൊല്ലമുള പദ്ധതി ഏകപക്ഷീയമായി നിർത്തിവയ്ക്കാനുള്ള തീരുമാനം അംഗീകരിക്കില്ല.
അങ്ങനെയെങ്കിൽ എരുമേലിയിലേക്കുള്ള പമ്പിംഗും നിലവിലെ 1.8 എംഎല്‍ഡി വെള്ളത്തില്‍നിന്നു നാറാണംമൂഴി, പെരുനാട്, പഴവങ്ങാടി തുടങ്ങിയ പഞ്ചായത്തുകളിലേക്കു നല്കുന്ന ജലവിതരണവും തടഞ്ഞുകൊണ്ട് വലിയ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇതിനായി ഒരു പിന്തുണ തേടുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവിയും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിസും പറഞ്ഞു.
ഇതിനിടെ പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി പഴകുളം മധു എംഎൽഎ നടത്തിയ ഇടപെടലിന്റെ ഭാഗമായി ജല അഥോറിറ്റി ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് എംഡിയുടെ ഓഫീസിൽ ചേരും. എംഎൽഎയും തദ്ദേശ ജനപ്രതിനിധികളും ഇതിൽ പങ്കെടുക്കും.
ജല അഥോറിറ്റി മാനേജിംഗ് ഡയറക്ടർ, ചീഫ് എൻജിനിയർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ തടസങ്ങൾ എല്ലാം നീക്കി നേരത്തേയുള്ള ധാരണകളും വ്യവസ്ഥകളും പ്രകാരം പ്രോജക്ട് നടപ്പിലാക്കാനാണ് ശ്രമമെന്ന് പഴകുളം മധു എംഎൽഎ പറഞ്ഞു.
ഡാം വന്നതോടെ വെള്ളച്ചാട്ടവും കിണറും വറ്റി
പെരുന്തേനരുവി ഡാം വന്നതോടെ വെള്ളച്ചാട്ടം ഇല്ലാതായതു മാത്രമല്ല, വെച്ചൂച്ചിറ പദ്ധതിയുടെ കിണർ വരളുകയും ചെയ്തു. മഴക്കാലത്തു മാത്രമാണ് ഡാം കവിഞ്ഞ് വെള്ളച്ചാട്ടം ദൃശ്യമാകുന്നത്.
പാറക്കെട്ടുകളിൽ വെള്ളം ഇല്ലാതായതോടെ സമീപത്തെ കിണറും വറ്റി. 1.8 എംഎൽഡി വെള്ളമാണ് ഇപ്പോൾ വെച്ചൂച്ചിറ പദ്ധതിയിൽ ഈ കിണറ്റിൽനിന്നു പന്പുചെയ്യുന്നത്. 10 എംഎൽഡി വെള്ളമെങ്കിലും വേണമെന്നിരിക്കേ ബാക്കി വെള്ളത്തിനാണ് സംഭരണിയിൽതന്നെ സംവിധാനമൊരുക്കാൻ നിർദേശിച്ചത്.
വേനല്‍ക്കാലത്ത് വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ച് കിണറ്റിലെ ഇന്‍ടേക്കിലേക്ക് ഒന്നോ രണ്ടോ ചാലു കീറിയാല്‍ തീരാവുന്ന പ്രശ്നമേയുള്ളു എന്നാണ് പുഴയെ അടുത്തറിയാവുന്നവര്‍ പറയുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന വെച്ചൂച്ചിറ നിവാസികളോട് കാട്ടുന്നത് അനീതിയാണെന്നാണ് വെച്ചൂച്ചിറ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ആരോപണം.