കോതമംഗലം: കോതമംഗലത്ത് രണ്ടു വീടുകളിൽ മോഷണം. കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിനു സമീപവും ചെങ്കരയിലുമാണ് മോഷണം നടന്നത്. രണ്ടിടത്തും വീടുകളിൽ ആളില്ലാതിരുന്ന സമയത്താണ് കവർച്ച. സെന്റ് അഗസ്റ്റിൻസ് സ്കൂളിനു സമീപം തണ്ണിക്കോട്ട് സജിയുടെ വീടിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ സ്വിച്ച് ബോർഡുകൾ തകർത്ത് ഇലക്ട്രിക്ക് വയറുകളും ഇഎൽസിബി സ്വിച്ചും അപഹരിച്ചു. 45 വർഷം പഴക്കമുള്ള വീടിന്റെ വയറിംഗിനുള്ളിലെ കോപ്പർ വിലപിടിപ്പുള്ളതാണ്.
വീട്ടിലെ താമസക്കാരായ സജിയുടെ മാതാപിതാക്കൾ ചികിത്സാർഥം സഹോദരിയുടെ വീട്ടിലായിരുന്നു. കോതമംഗലം പോലീസിൽ പരാതി നൽകിയതായി വീട്ടുകാർ പറഞ്ഞു. സമീപകാലത്ത് കോതമംഗലം ബ്ലോക്ക് ഓഫീസ് പരിസരത്ത് നിർമാണത്തിലിരുന്ന രണ്ടു വീടുകളിൽ നിന്നും ഇലക്ട്രിക് വയറിംഗ് നഷ്ടപ്പെട്ടിട്ടുണ്ട്.
കീരമ്പാറക്ക് സമീപം ചെങ്കര കല്ലാനിക്കപ്പടിയില് മാപ്പിളക്കുടിയില്‍ ഏലിയാസിന്റെ വീട്ടിൽ ഇന്നലെ പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. തലയും മുഖവും തുണികൊണ്ട് മറച്ച് മതില് ചാടിയെത്തുന്ന കള്ളന്റെ ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് കാമറയുടെ സാന്നിദ്ധ്യം മനസിലാക്കിയ കള്ളന് കാമറ തകർത്തു.
വാതിലിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ കള്ളന് മടങ്ങേണ്ടിവന്നു. വീട്ടുകാര്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണശ്രമം. വെള്ളിയാഴ്ച രാവിലെ പോയ വീട്ടുകാർ ഇന്നലെ ഉച്ചക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വാതിലിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പരാതി നൽകിയതിനേതുടർന്ന് കോതമംഗലം പോലിസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Ernakulam