വാർഡ് അംഗം അമീന ബാനുവിന്റെ നേതൃത്വത്തിൽ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നു.
മുക്കം: ആനയാംകുന്ന്-മുരിങ്ങംപുറായി റോഡിലെ വെള്ളക്കെട്ടിന് ഒടുവിൽ പരിഹാരമാവുന്നു. പത്ത് വർഷത്തോളമായി നവീകരിക്കപ്പെടാതെയും മാലിന്യം നിറഞ്ഞ് അടഞ്ഞുകിടന്നതുമായ ഓവുചാൽ വൃത്തിയാക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായതോടെയാണ് പ്രദേശവാസികൾക്കും യാത്രക്കാർക്കും ആശ്വാസമായത്.
ഓവുചാലിലൂടെ കടന്നുപോകുന്ന ബിഎസ്എൻഎൽ കേബിളുകൾക്കിടയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണും അടിഞ്ഞുകൂടി ജലഒഴുക്ക് പൂർണമായും തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായത്. പ്രശ്നം വാർഡ് അംഗം അമീന ബാനു സി.കെ. കാസിം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, തുടർന്ന് എംഎൽഎ ബിഎസ്എൻഎൽ, പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലിനെ തുടർന്നാണ് പരിഹാര നടപടികൾക്ക് തുടക്കമായത്.
ഉപയോഗശൂന്യമായ കേബിളുകൾ ബിഎസ്എൻഎൽ അധികൃതർ നീക്കം ചെയ്യുകയും പൊതുമരാമത്ത് വകുപ്പ് ഓവുചാൽ ശുചീകരിച്ച് ജലഒഴുക്ക് പുനഃസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു.
പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ മഴക്കാലത്ത് പതിവായിരുന്ന വെള്ളക്കെട്ടിനും ചെളിശല്യത്തിനും വലിയൊരളവിൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Tags : Local News Nattuvishesham Kozhikode