പ്രതീകാത്മക ചിത്രം
തൃശൂർ: യാത്രക്കാരെ വലച്ച് എറണാകുളം പാസഞ്ചർ വൈകിയോട്ടം തുടരുന്നു. എറണാകുളം ഭാഗത്തേക്കു ജോലിക്കും പഠനത്തിനും മറ്റുമായി പ്രതിദിനം യാത്ര ചെയ്യുന്നവർ ആശ്രയിക്കുന്ന 56313 നന്പർ ഗുരുവായൂർ - എറണാകുളം പാസഞ്ചറാണു വൈകിയോട്ടം പതിവാക്കിയത്. വിദ്യാർഥികളും സ്ത്രീകളുമടക്കം നൂറുകണക്കിനുപേരാണു ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ ട്രെയിനിനെ ആശ്രയിച്ച് എറണാകുളം ജില്ലയിലേക്കു പഠനത്തിനും തൊഴിലിനുമായി പോകുന്നത്. 18 കോച്ചുകളുമായി രാവിലെ 6.50നു ഗുരുവായൂരിൽനിന്നു പുറപ്പെട്ട് ഒന്പതിന് എറണാകുളം ടൗണിൽ എത്തുന്ന ട്രെയിൻ ഏറെ ആശ്വാസമായിരുന്നു.
എന്നാൽ, ഏതാനും ആഴ്ചകളായി തൃശൂരിൽനിന്നു കൃത്യസമയത്തു പുറപ്പെട്ടാലും 20 മിനിറ്റോളം വൈകിയാണ് എറണാകുളം ടൗണ് സ്റ്റേഷനിലെത്തുന്നത്.എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലെത്തുന്പോൾ പിന്നെയും വൈകും. വൈകിയോടുന്ന മറ്റ് എക്സ്പ്രസ് ട്രെയിനുകൾക്കായി സ്റ്റേഷനുകളിൽ പിടിച്ചിടുന്നതും പതിവാണ്. അത്തരം ദിവസങ്ങളിൽ മുക്കാൽ മണിക്കൂറോളം വൈകും.
വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സമയത്തിനെത്താനുള്ള പരാക്രമമാണ് ഓരോ സ്റ്റേഷനിലും. 18 കോച്ചുകൾ ഉണ്ടായിരുന്നപ്പോൾതന്നെ തിങ്ങിനിറഞ്ഞിരുന്ന ട്രെയിനിൽ നിലവിൽ 15-16 കോച്ചുകൾ മാത്രമാണുള്ളത്. തൃശൂരിൽ എത്തുന്പോൾ തിരക്കേറും. ചാലക്കുടിയെത്തുന്പോൾ കയറാൻപോലും ബുദ്ധിമുട്ടാകും.
എവിടെ നിർത്തും?ആർക്കറിയാം!
24 കോച്ചുകൾക്കു സ്ഥാനമുള്ള തൃശൂരിലെ പ്ലാറ്റ്ഫോമിൽ എൻജിൻ എവിടെ നിർത്തുമെന്നതും ആർക്കും പറയാൻ കഴിയില്ല. ഓരോ ദിവസവും വ്യത്യസ്ത ഇടങ്ങളിലാണു നിർത്തുക. മുന്നിലും പിന്നിലും കയറാൻ നിൽക്കുന്നവർ പ്ലാറ്റ്ഫോമിലൂടെ ഓടുന്നതും സ്ഥിരം കാഴ്ചയാണ്. പാസഞ്ചറിൽ 18 കോച്ചുകൾ പുനഃസ്ഥാപിക്കണമെന്നും വൈകിയോടുന്ന മറ്റു ട്രെയിനുകൾക്കായി പിടിച്ചിടരുതെന്നും തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്ലാറ്റ്ഫോമിൽ സ്ഥിരം സ്ഥാനം അടയാളപ്പെടുത്തണം. ട്രെയിൻ 16 കോച്ചുള്ള മെമുവാക്കണമെന്നും ആവശ്യമുണ്ട്.
Tags : NattuVishasham DistrictNews