രഘു
മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പല്ലാരിമംഗലം അടിവാട് പുലിക്കുന്നേപടി കൊച്ചുതുണ്ടയില് രഘുവിന് (61) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ. സമീര്‍ ഏഴു വര്‍ഷം തടവും ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റ് 21നായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരയായ പെണ്‍കുട്ടിയുടെ മാതാവ് ഭാരവാഹിയായ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയുടെ ഓണാഘോഷത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുളള റിഹേഴ്സല്‍ ഇരയുടെ വീട്ടില്‍ നടക്കുമ്പോഴാണ് പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ പ്രതി രഘു ഒളിവില്‍ പോകുകയായിരുന്നു. ഒന്നര മാസത്തിനു ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
പോത്താനിക്കാട് പൊലിസ് സ്റ്റേഷനിലെ എസ്ഐമാരായിരുന്ന എം.സി. എല്‍ദോസ്, ടി.കെ. സുധീര്‍, പി.എച്ച്. സമീഷ്, സീനിയര്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി.പി. അമീന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ആര്. ജമുന ഹാജരായി.
Tags : sentenced NattuVishasham DistrictNews