പ്രതീകാത്മക ചിത്രം
കൊച്ചി: ദേശീയപാതയിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സംഘം എത്തുന്നു. റവന്യൂ, പിഡബ്ല്യുഡി, എന്‍എച്ച്, പൊലിസ്, എംവിഡി എന്നിവരെ ഉള്‍പ്പെടുത്തി അഞ്ച് ടീമുകളാകും ഇതിനായി രംഗത്തിറങ്ങുക. പരിശോധനാ സംഘങ്ങളുടെ പ്രവര്‍ത്തനം ഉടനടി ആരംഭിക്കും. ദേശീയപാതയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
മൂത്തകുന്നം-ഇടപ്പള്ളി (എന്‍എച്ച് 66), ഇടപ്പള്ളി-അരൂര്‍ (എന്‍എച്ച് 66), കൊച്ചി-മൂന്നാര്‍ (എന്‍എച്ച് 85), ഐസിടിടി വല്ലാര്‍പാടം (എന്‍എച്ച് 966), അങ്കമാലി-കുണ്ടന്നൂര്‍ (എന്‍എച്ച് 544) എന്നീ റൂട്ടുകളിലാണ് തഹസില്‍ദാര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘങ്ങളെ വിന്യസിക്കുന്നത്.
പരിശോധനാ സംഘങ്ങള്‍ക്കുള്ള വാഹനവും ഡ്രൈവറെയും എന്‍എച്ച്എഐ ലഭ്യമാക്കും. ദേശീയപാതകളിലെ അപകടസാധ്യതാ മേഖലകള്‍, തടസങ്ങള്‍, അനധികൃത കൈയേറ്റങ്ങള്‍, വന്‍കിട ചരക്ക് വാഹനങ്ങളുടെ നിയമവിരുദ്ധമായ പാര്‍ക്കിംഗ് എന്നിവ കണ്ടെത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് പ്രത്യേക സംഘങ്ങളുടെ പ്രധാന ചുമതല.
പാതയോരങ്ങളിലെ അനധികൃത കൈയേറ്റങ്ങളും നിര്‍മാണങ്ങളും കണ്ടെത്തി സമയബന്ധിതമായി നീക്കം ചെയ്യും. ഓരോ വകുപ്പിന്റെയും ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിശ്ചയിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ടുകള്‍ ഏകീകരിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പരിശോധനയും പട്രോളിംഗും ഉറപ്പാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കും.
യോഗത്തില്‍ എഡിഎം കെ. മനോജ്, റൂറല്‍ എഎസ്പി ടി.ബി. വിജയന്, കൊച്ചി എസിപി (ട്രാഫിക് വെസ്റ്റ്) സാജു ജോര്‍ജ്, ജോയിന്റ് ആര്‍ടിഒ സി.ടി. അരുണ്‍, തഹസില്‍ദാര്‍മാര്‍, എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.