ശ്രീജിത്ത് വിനോദ്
കോന്നി: എയര്‍ഗണ്ണുമായി കോന്നിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്നാമനും അറസ്റ്റില്‍. അരുവാപ്പുലം പടപ്പക്കല്‍ കരിമല്‍ വടക്കേതില്‍ വീട്ടില്‍ ശ്രീജിത്ത് വിനോദ് (19) നെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്നാം പ്രതിയാണ് വിനോദ്.
കേസിലെ ഒന്നാം പ്രതി അരുവാപുലം ഊട്ടുപാറ ഷോണ്‍ വില്ലയില്‍ ഷോണ്‍ തോമസ് (19), രണ്ടാം പ്രതി ഊട്ടുപാറ തൂംകുഴിയില്‍ വീട്ടില്‍ സജിന്‍ വര്‍ഗീസ് (19) എന്നിവരെ കോന്നി പോലീസ് നേരത്തേ റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത എയര്ഗണിനെ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് എയര്‍ഗണ്‍ ഊട്ടുപാറയില്‍ ഉള്ള ഒരു വീട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്നും വ്യക്തമായത്.
തുടര്‍ന്നു മോഷണം നടന്ന വീട് തുറന്ന് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്‍ കൂടാതെ ഒരു ഗിറ്റാറും വീട്ടില്‍ നിന്ന് മോഷണം പോയതായി കണ്ടെത്തി. എസ്ഐമാരായ ഷൈജു, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നാം പ്രതിയായ വിനോദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.