കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവവും പകല്‍പ്പൂരവും പരാതിരഹിതമായി സംഘടിപ്പിക്കുന്നതിനു വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി വി.എന്‍. വാസവന്.
ഉത്സവവുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിരുനക്കര ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ കണ്ട്രോള് റൂം സജ്ജീകരിക്കും. 15 മുതല്‍ 25വരെയാണ് തിരുനക്കര ക്ഷേത്രത്തിലെ ഉത്സവം. പകല്‍പ്പൂരം 23നാണ്. പകല്പ്പൂരത്തിനുള്ള ജനത്തിരക്ക് കണക്കിലെടുത്ത് റവന്യുവിഭാഗത്തില്നിന്ന് അധികമായി ജീവനക്കാരെ നിയോഗിക്കും.
പകല്പ്പൂരദിനം നാലു ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തില്‍ 220 പോലീസുകാരെ സുരക്ഷാചുമതലകള്‍ക്കു നിയോഗിക്കും. നഗരസഭ മാലിന്യം നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അഗ്നിരക്ഷാ സേന സ്റ്റാന്‍ഡ്ബൈ യൂണിറ്റിന്റെ സേവനം ഉറപ്പാക്കും. മെഡിക്കല്‍ ടീമിന്റെ സേവനം ആരോഗ്യവകുപ്പും ലഭ്യമാക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, എഡിഎം കെ.പി. ജയകുമാര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം, പി.ആര്. മീര എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Tags : nattu vishesham Thirunakkara Pakalpooram