മണ്ഡലംതല അവലോകനയോഗം ചേര്‍ന്നപ്പോള്‍.
വെള്ളറട: നിയോജകമണ്ഡലത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വൈദ്യുതി വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി സി.കെ. ഹരീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മണ്ഡലംതല അവലോകനയോഗം ചേര്‍ന്നു.
പൊതുജനങ്ങളില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ലഭിച്ച പരാതികളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു. പുതിയ വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കല്‍, ട്രാന്‍സ്ഫോര്‍മറുകള്‍ അനുവദിക്കല്‍, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കല്‍, പുതിയ ഫീഡറുകള്‍ അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ലഭിച്ച പരാതികളില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് ഇതിനോടകം പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍, നിലവിലുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമായതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതികളെ രേഖാമൂലം അറിയിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. മണ്ഡലത്തിലെ മലയോര മേഖലകളില്‍ വൈദ്യുതി ലൈനുകള്‍ കവേര്‍ഡ് ലൈനുകളാക്കി മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഒറ്റശേഖരമംഗലം കേന്ദ്രമാക്കി 110 കെ.വി സബ്സ്റ്റേഷന് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 27 കോടി രൂപ അനുവദിച്ച പദ്ധതിയുടെ ഭാഗമായി നിലവില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ സബ്സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷന് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഒറ്റശേഖരമംഗലം, ആര്യങ്കോട്, വെള്ളറട, അമ്പൂരി, കള്ളിക്കാട്, പെരുങ്കടവിള പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമത്തിനു ശാശ്വത പരിഹാരമാകും.
വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി അടുത്തഘട്ട അവലോകനയോഗം മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ചേരാനും യോഗം തീരുമാനിച്ചു.
ഡെപ്യൂട്ടി ചീഫ് എന്‍ജിനിയർമാരായ സുരേഷ് കുമാര്‍, ബൈജു തോമസ്, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ കലാ റാണി, ലേഖ, എസ്. കുമാരി എന്നിവരും പാറശാല മണ്ഡലത്തിലെ കെഎസ് ഇബി സെക്ഷനുകളിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags : Ottasekharamangalam 110 kV Substation Substation NattuVishesham DistrictNews