പത്തനംതിട്ട: സംസ്ഥാനമൊട്ടാകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗം പത്തനംതിട്ടയിലും. അഞ്ചിൽ നാല് മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ വെന്നിക്കൊടി പാറിച്ചു. 2009ലെ മണ്ഡല പുനർക്രമീകരണത്തിനുശേഷം ഇതാദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിനു തിളക്കമാർന്ന ഒരു വിജയം ലഭിച്ചത്. 2011ൽ ജില്ലയിൽ ആറന്മുള, കോന്നി മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫിനു ജയിക്കാനായത്. യുഡിഎഫിന് സംസ്ഥാനത്തു ഭരണം ലഭിച്ചപ്പോഴും യുഡിഎഫിന് ജില്ലയിൽ രണ്ട് എംഎൽഎമാർ മാത്രമാണുണ്ടായത്. 2016ലാകട്ടെ വിജയം കോന്നിയിൽ മാത്രമായി. 2019ൽ ഉപതെരഞ്ഞെടുപ്പ് നടന്നതോടെ അതും നഷ്ടമായി. 2021ൽ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി ഇതു മാറിയിരുന്നു.
2014, 2019, 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലും മുന്നിലെത്തിയ യുഡിഎഫിന് നിയമസഭ വോട്ടെടുപ്പിലാകട്ടെ പിന്നിലാകുന്ന സാഹചര്യം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഒരുകാലത്ത് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടികളുണ്ടായി. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ബഹുഭൂരിപക്ഷം സ്ഥാനങ്ങളും തിരികെപിടിച്ച യുഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിനു നടത്തിയ മുന്നൊരുക്കമായി ഇതിനെ കണ്ടു. സ്ഥാനാർഥി നിർണയം തർക്കംകൂടാതെ പരിഹരിച്ച് പ്രചാരണരംഗത്ത് സജീവമായപ്പോൾ ഇത്തവണ നാല് മണ്ഡലങ്ങൾ കൈപ്പിടിയിൽ ഒതുക്കാനായി. അപ്പോഴും ഡിസിസി പ്രസിഡന്റ് മത്സരിച്ച കോന്നി മണ്ഡലം കൈവിട്ടതിന്റെ ആഘാതം നിലനിൽക്കുകയാണ്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാലതാമസമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടൂർ പ്രകാശ് കോന്നിയിൽ മത്സരിക്കുമെന്ന സൂചനയാണ് ആദ്യം ഉണ്ടായത്. ഇതു സാധ്യമല്ലെന്നു കണ്ടതോടെയാണ് സതീഷ് കൊച്ചുപറന്പിലിന്റെ പേര് പരിഗണിക്കപ്പെട്ടത്. തിരുവല്ല മണ്ഡലംകാരനായ സതീഷ് കൊച്ചുപറന്പിൽ കോന്നിയിൽ സ്ഥാനാർഥിയായപ്പോൾ പ്രവർത്തകരെ സജീവമാക്കുന്നതിൽപോലും താമസം നേരിട്ടു.
മത്സരരംഗത്തുണ്ടായിരുന്ന നാല് സിറ്റിംഗ് എംഎൽഎമാരിൽ മൂന്നുപേരും ജില്ലയിൽ പരാജയപ്പെട്ടു. ഇതിൽ ആരോഗ്യ മന്ത്രി വീണാ ജോർജും ഉൾപ്പെടുന്നു. കോന്നി എംഎൽഎ ജനീഷ് കുമാർ മാത്രമാണ് വിജയിച്ചത്. അടൂരിലെ സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ മത്സരരംഗത്തുനിന്നു മാറി നിന്നെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർഥി പരാജയപ്പെട്ടു.
വിജയിച്ച കോൺഗ്രസുകാർ മണ്ഡലത്തിനു പുറമേ നിന്ന്
ജില്ലയിൽ കോൺഗ്രസ് വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും അതാത് സ്ഥലങ്ങൾക്കു പുറമേ നിന്നെത്തിയവരാണ്. ആറന്മുളയിൽ വിജയിച്ച അബിൻ വർക്കി എറണാകുളം ജില്ലയിലെ കോലഞ്ചേരി സ്വദേശിയാണ്. റാന്നിയുടെ നിയുക്ത എംഎൽഎ പഴകുളം മധു അടൂർ പഴകുളം സ്വദേശിയും അടൂരിലെ സി.വി. ശാന്തകുമാർ കോന്നിക്കാരനുമാണ്. തിരുവല്ലയിൽ വിജയിച്ച കേരള കോൺഗ്രസിലെ വർഗീസ് മാമ്മൻ മാത്രമാണ് സ്വന്തം നാട്ടിൽ ജനവധി തേടിയത്.
എൻഡിഎയ്ക്കു തിളങ്ങാനായത് തിരുവല്ലയിൽ മാത്രം
പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ എൻഡിഎയ്ക്കു തിളങ്ങാനായത് തിരുവല്ലയിൽ മാത്രമാണ്. ബിജെപിയുടെ തലമുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ജനവിധി തേടിയ ആറന്മുള മണ്ഡലത്തിൽ അദ്ദേഹത്തിനു ലഭിച്ചത് 34983 വോട്ടാണ്. 2021നെ അപേക്ഷിച്ച് ആറന്മുളയിൽ ബിജെപി വോട്ടിൽ വർധനയുണ്ടെങ്കിലും മുന്പ് പാർട്ടിക്കു ലഭിച്ചിട്ടുള്ള വോട്ടുകൾ പോലും ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്.
ആറന്മുളയുമായി വ്യക്തിബന്ധം ഏറെയുള്ള കുമ്മനം രാജശേഖരൻ ഇതാദ്യമായാണ് മണ്ഡലത്തിൽ ജനവിധി തേടിയത്. 2021ൽ ബിജെപിയിലെ ബിജു മാത്യു മണ്ഡലത്തിൽ മത്സരിച്ചപ്പോൾ 29,099 വോട്ടാണ് ലഭിച്ചത്. 21ൽ മത്സരിച്ച എം.ടി. രമേശ് 37,906 വോട്ട് നേടുകയും ചെയ്തു.
കെ. സുരേന്ദ്രൻ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ 39,000 ലധികം വോട്ടുകൾ ലഭിച്ചു. ഇതേ നിലയിലേക്ക് കുമ്മനം രാജശേഖരന് വോട്ടു ലഭിച്ചിട്ടില്ല.തിരുവല്ലയിൽ അനൂപ് ആന്റണി സ്വന്തമാക്കിയ 43,078 വോട്ടുകളാണ് ജില്ലയിൽ ബിജെപി വോട്ടുകളുടെ തിളക്കം കൂട്ടിയത്. അടൂരിൽ ബിജെപി സ്ഥാനാർഥി പന്തളം പ്രതാപൻ 26,337 വോട്ട് കരസ്ഥമാക്കി.
ഘടകകക്ഷികൾ മത്സരിച്ച റാന്നിയിൽ ട്വന്റി 20 സ്ഥാനാർഥി തോമസ് സാമുവേൽ നേടിയത് 17,993 വോട്ടുകളും കോന്നിയിൽ ബിഡിജെഎസ് സ്ഥാനാർഥി ടി.പി. സുന്ദരേശനു ലഭിച്ചത് 15,278 വോട്ടുകളുമാണ്.2021ൽ കോന്നിയിൽ ബിജെപി നേതാവ് കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ 32,811 വോട്ടുകൾ ലഭിച്ചിരുന്നു.റാന്നിയിൽ ബിഡിജെഎസ് സ്ഥാനാർഥി കെ. പത്മകുമാർ 19,587 വോട്ടുകളും നേടിയിരുന്നു. ആറന്മുളയിൽ ബിജെപി സ്ഥാനാർഥി ബിജു മാത്യുവിനു ലഭിച്ചത് 29,099 വോട്ടുകളാണ്.
Tags : nattu vishesham Three sitting MLAs defeated