x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലം മാ​റി, ക​ളിയും; പ​ക്ഷെ ആ​വേ​ശം മാ​ത്രം മാ​റി​യി​ല്ല


Published: July 20, 2026 07:38 AM IST | Updated: July 20, 2026 07:38 AM IST

മ​ല​പ്പു​റം: സാ​ങ്കേ​തി​ക​വി​ദ്യ മാ​റി, ക​ളി കാ​ണു​ന്ന രീ​തി​ക​ള്‍ മാ​റി, ബ്ലാ​ക്ക് ആ​ൻഡ് വൈ​റ്റ് ദൃ​ശ്യ​ങ്ങ​ള്‍ മാ​റി ക​ള​ര്‍​ഫു​ള്‍ സ്‌​ക്രീ​നു​ക​ള്‍ വ​ന്നു. എ​ങ്കി​ലും, പാ​തി​രാ​ത്രി​യി​ല്‍ ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് ഫു​ട്‌​ബോ​ളി​നാ​യി ഒ​ന്നി​ച്ചി​രി​ക്കു​ന്ന മ​ല​യാ​ളി​യു​ടെ ആ ​നെ​ഞ്ചി​ടി​പ്പി​ന് ഇ​ന്നും അ​തേ പ​ഴ​യ റേ​ഡി​യോ കാ​ല​ത്തി​ന്‍റെ ഓ​ര്‍​മ ത​ന്നെ.

ടെ​ലി​വി​ഷ​ന്‍ പെ​ട്ടി​ക​ള്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു കേ​ര​ള​ത്തി​ല്‍. അ​ന്ന് പാ​തി​രാ​ത്രി​യി​ല്‍ റേ​ഡി​യോ​യ്ക്ക് ചു​റ്റും ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്ന ഒ​രു ത​ല​മു​റ​യും ഉ​ണ്ടാ​യി​രു​ന്നു.

ദൂ​ര​ദ​ര്‍​ശ​നി​ലെ മ​ങ്ങി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​പ്, ആ​കാ​ശ​വാ​ണി​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ റേ​ഡി​യോ ക​മ​ന്‍ററി​യി​ലൂ​ടെ​യാ​ണ് മ​ല​യാ​ളി പ​ച്ച​പ്പു​ല്‍​മൈ​താ​ന​ങ്ങ​ളെ മ​ന​സി​ല്‍ വ​ര​ച്ചി​ട്ട​ത്. ക​മ​ന്‍റേ​റ്റ​റു​ടെ ശ​ബ്ദം ഉ​യ​രു​മ്പോ​ള്‍ ഗോ​ള​ടി​ച്ചെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ഒ​രു ഗ്രാ​മം മു​ഴു​വ​ന്‍ ഒ​ന്നി​ച്ചു തു​ള്ളി​ച്ചാ​ടി​യ ആ ​കാ​ലം ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഏ​ടാ​ണ്.

പി​ന്നീ​ട് ഗ്രാ​മ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു പ്ര​മാ​ണി​യു​ടെ വീ​ട്ടി​ല്‍ ബ്ലാ​ക്ക് ആ​ൻഡ് വൈ​റ്റ് ടെ​ലി​വി​ഷ​ന്‍ എ​ത്തു​ന്ന കാ​ലം. ലോ​ക​ക​പ്പ് ഫൈ​ന​ല്‍ കാ​ണാ​ന്‍ ആ ​വീ​ട്ടി​ലെ ഉ​മ്മ​റ​ത്തും ജ​ന​ല്‍​പ്പാ​ളി​ക​ള്‍​ക്ക് പു​റ​ത്തും ഒ​രു നാ​ട് മു​ഴു​വ​ന്‍ ത​ടി​ച്ചു​കൂ​ടും. ക​ളി കാ​ണു​ന്ന​തി​നി​ട​യി​ല്‍ ടി​വി​യി​ലെ ദൃ​ശ്യം മ​ങ്ങു​മ്പോ​ള്‍ ആ​ന്‍റി​ന തി​രി​ക്കാ​നാ​യി ടെ​റ​സി​ന് മു​ക​ളി​ലേ​ക്ക് ഓ​ടു​ന്ന യു​വാ​ക്ക​ളും, താ​ഴെനി​ന്ന് ആ​യീ... വ​ന്നൂ... ഇ​ല്ല പോ​യി... എ​ന്ന് വി​ളി​ച്ചു​പ​റ​യു​ന്ന നാ​ട്ടു​കാ​രും ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് കേ​ട്ടു​കേ​ള്‍​വി മാ​ത്ര​മു​ള്ള കൗ​തു​ക​ങ്ങ​ളാ​ണ്.

Tags : Times have changed

Recent News

Corehub Up