പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് സുഗന്ധഗിരിയിലെ കുടുംബങ്ങള്‍ നടത്തിയ നീക്കങ്ങള്‍ ഇനിയും ലക്ഷ്യത്തിലെത്തിയില്ല. അനിശ്ചിതമായി നീളുകയാണ് പട്ടയത്തിനായുള്ള അവരുടെ കാത്തിരിപ്പ്. പിരിച്ചുവിട്ട സുഗന്ധഗിരി ഏലം പ്രോജക്ടിലെ പട്ടികജാതി-വര്‍ഗ കുടുംബങ്ങളാണ് പട്ടയ നിഷേധം നേരിടുന്നത്. കൈവശ ഭൂമി പണയപ്പെടുത്തി ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലാണിവര്‍. സുഗന്ധഗിരിയില്‍ ഭൂമി അനുവദിച്ച കുടുംബങ്ങള്‍ക്ക് കൈവശ രേഖ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത് ഭൂമിയുടെ ഉടമാവകാശം തെളിയിക്കുന്ന രേഖയായി ബാങ്കുകളും മറ്റും കാണുന്നില്ല.
അടിമവേലയില്‍നിന്ന് മോചിപ്പിച്ച പട്ടികവര്‍ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് വൈത്തിരി താലൂക്കിലെ സുഗന്ധഗിരിയില്‍ 1976ല്‍ ആരംഭിച്ചതാണ് ഏലം പ്രോജക്ട്. 1,500 ഹെക്ടര്‍ വരുന്ന പ്രോജക്ട് ഭൂമി 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്‍ഡ് അസൈന്മെന്റ്) നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായതും സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കുന്നതിന് വനംവകുപ്പില്‍നിന്ന് റവന്യു വകുപ്പിനു കൈമാറിയതുമാണ്.
1977ല്‍ രൂപീകൃതമായ സൗത്ത് വയനാട് ഗിരിജന്‍ ജോയിന്റ് ഫാമിംഗ് കോഓപറേറ്റീവ് സൊസൈറ്റിക്കു കീഴിലായിരുന്നു പ്രോജക്ട് പ്രവര്‍ത്തനം. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് സൊസൈറ്റിയില്‍ അംഗത്വം നല്‍കിയത്. ഭൂമി ഉത്പാദനക്ഷമമാക്കിയശേഷം അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു സൊസൈറ്റി ലക്ഷ്യം. പട്ടികജാതിക്കാരും ഉള്‍പ്പെടുന്നതായിരുന്നു സുഗന്ധഗിരിയിലെ തൊഴിലാളി വൃന്ദം.
ഏലവും കാപ്പിയും കുരുമുളകും ഉള്‍പ്പെടെ കൃഷികളുണ്ടായിരുന്ന പ്രോജക്ട് ഭൂമി സൊസൈറ്റി അംഗങ്ങള്‍ക്ക് അനുവദിക്കണമെന്ന ആവശ്യം പില്ക്കാലത്ത് ശക്തമായി. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് 2012 ഏപ്രില്‍ 20ന് സൊസൈറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സൊസൈറ്റി അംഗങ്ങളായ 356 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ വീതവും തൊഴിലാളികളായിരുന്ന 22 പട്ടികവര്‍ഗക്കാര്‍ക്ക് രണ്ട് ഏക്കര്‍ വീതവും 22 പട്ടികജാതിക്കാര്‍ക്ക് ഒരു ഏക്കര്‍ വീതവും ഭൂമി നല്കി. 1997 ഫെബ്രുവരി 11ലെ ജിഒ(എംഎസ്) 88/97/റവന്യു നമ്പര്‍ ഉത്തരവ് പ്രകാരമുള്ള കൈവശരേഖയാണ് സുഗന്ധഗിരിയിലെ കുടുംബങ്ങള്‍ക്ക് അനുവദിച്ചത്.
ഭൂമി കൈമാറാനും മരം മുറിക്കാനും മറ്റും കൈവശക്കാര്‍ക്ക് അനുവാദമില്ല. മരങ്ങളുടെ ഉടമാവകാശം വനംവകുപ്പിനാണ്. സുഗന്ധഗിരി ഭൂമി നിക്ഷിപ്ത വനമായാണ് വില്ലേജ് ബിടിആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റി അംഗങ്ങളായിരുന്നവര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് തൊഴിലാളികളായിരുന്ന പട്ടികജാതിക്കാര്‍ക്ക് ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചത്.
കൈവശരേഖ അനുവദിച്ച സ്ഥലത്തിന് പട്ടയം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം ആവശ്യമാണ്. ഇതിന് കൈവശ കുടുംബങ്ങള്‍ വിവിധ പാര്‍ട്ടികളും സംഘടനകളും മുഖേന കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൈവശരേഖ റദ്ദുചെയ്ത് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാമോ എന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ പരിശോധന തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. പട്ടയത്തിനായുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷവും കുടുംബങ്ങള്‍ തുടരുകയാണ്.
Tags : Nattuvishesham District News land Sugandhagiri