കോഴിക്കോട് സരോവരം പാർക്ക് പ്രധാന നടപ്പാത...
കോഴിക്കോട്: കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആദ്യ പത്തിടങ്ങളിൽപെട്ട കോഴിക്കോട് ടൂറിസം രംഗത്ത് വലിയ പ്രതീക്ഷകളാണ് പങ്കുവയ്ക്കുന്നത്. ചില പദ്ധതികളില്‍ വലിയ വിജങ്ങളായപ്പോള് ചിലതെല്ലാം സാങ്കേതിക തടസങ്ങളില്‍ കുടുങ്ങി ഉദ്ദേശലക്ഷ്യത്തില്‍ എത്തിയില്ല. അപ്പോഴും ടൂറിസം രംഗത്ത് വലിയ മുന്നേറ്റം വരുമെന്ന പ്രതീക്ഷ തന്നെയാണ് മുന്നിലുള്ളത്.
കോഴിക്കോട് വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി 168 കോടിയുടെ ഭരണാനുമതിയാണ് പത്ത് വര്‍ഷത്തിനിടെ ലഭിച്ചത്. കാട് മൂടിക്കിടന്നിരുന്ന ചാലിയം കടല്‍ത്തീരവും പരിസരവും പുലിമുട്ടും ഇന്ന് ലോകോത്തര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
രണ്ട് ഘട്ടങ്ങളിലായി 9.53 കോടിയുടെ പ്രവൃത്തികളാണ് ഓഷ്യാനസ് ചാലിയം ബീച്ച് ഡെസ്റ്റിനേഷന്‍ ഒരുക്കാന്‍ ചെലവഴിച്ചത്. സൗത്ത് ബീച്ച്, ഭട്ട്റോഡ് ബീച്ച്, ഗോതീശ്വരം ബീച്ച്, സരോവരം പാര്‍ക്ക്, തോണിക്കടവ്, കരിയാത്തുംപാറ, വയലട, നമ്പികുളം, തുഷാരഗിരി, അരിപ്പാറ, അകലാപ്പുഴ, തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച്, മിനി ഗോവ, കാപ്പാട്, ഒളോപ്പാറ, കക്കാടംപൊയില്‍,പയംകുറ്റിമല, സാന്‍ഡ് ബാങ്ക്സ്, ചേര്മല കേവ് പാര്‍ക്ക്, പതങ്കയം, കക്കയം, പെരുവണ്ണാമൂഴി, മാനാഞ്ചിറ, ലോകനാര്‍കാവ് തീര്‍ത്ഥാടന ടൂറിസം പദ്ധതി തുടങ്ങി നൂറോളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്.
ഒന്ന് മനസുവച്ചാല്‍ ഇതില്‍ പകുതിയിലേറെ കേന്ദ്രങ്ങളും നമുക്ക് രാജ്യാന്തര നിലവാരത്തില്‍ മാറ്റിയെടുക്കാവുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല.
Tags : Nattuvishesham DistrictNews DeepikaNews Tourism Day