മറവൻതുരുത്ത്: ഒന്നരപതിറ്റാണ്ടായി തകർന്നു കിടക്കുന്ന ടോൾ-പാലാംകടവ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ആലപ്പുഴ,ചേർത്തല നിവാസികൾക്ക് വൈക്കത്തു നിന്ന് കുടിവെള്ളം നൽകുന്നതിനായി കുടിവെള്ള പദ്ധതി യാഥാർഥ്യമായപ്പോൾ പ്രദേശവാസികളുടെ റോഡ് ഗതാഗതം ദുരിതപൂർണമായി. 18വർഷമായി മറവൻതുരുത്ത് നിവാസികളുടെ പ്രധാന സഞ്ചാര പാതയായ ടോൾ-പാലാംകടവ് റോഡിനാണ് ഈ ദുർഗതി.
2008ൽ ചേർത്തല നിവാസികൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൂറ്റൻ കുടിവെള്ള കുഴലുകൾ സ്ഥാപിച്ചതോടെയാണ് ടോൾ - പാലാംകടവ് റോഡിന്റെ ശനിദശ ആരംഭിച്ചത്. ആദ്യം റോഡിന്റെ തെക്കുഭാഗം ചേർന്ന്കുഴലുകൾ സ്ഥാപിച്ച് ചേർത്തലയിലേക്ക് കുടിവെള്ള വിതരണം ആരംഭിച്ചു.
എന്നാൽ പിന്നീട് നിരന്തരമായി കുഴലുകൾ പൊട്ടുകയും റോഡു തകരുകയും സമീപവാസികൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതോടെ നിലവാരം കുറഞ്ഞ ഈ കുഴലുകൾ റോഡിനടിയിൽ ഉപേക്ഷിച്ചു. നിലവിൽ റെയിൽപാളങ്ങൾ പോലെ സമാന്തരമായി പോകുന്ന രണ്ട് പടുകൂറ്റൻ കുഴലുകളുടെ മുകളിലൂടെയാണ് റോഡ് നിർമിച്ചിരിക്കുന്നത്.വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാത്ത അധികൃതരുടെ നടപടിയിൽ ജനരോഷം ശക്തമാകുകയാണ്. കാൽനടയാത്ര പോലും ദുഷ്കരമായ വിധത്തിൽ റോഡിലുടനീളം കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുരിത പൂർണമായി. നിരന്തരം അപകടങ്ങൾക്കിടയാക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കാൻ അടിയന്തരമായി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : nattu vishesham Toll-bridge road should