നെല്ലിമൂട് -മരപ്പാലം, പയറ്റുവിള റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍.
നെയ്യാറ്റിന്‍കര: ഒരിടത്ത് ചെറിയ മഴയത്തു പോലും വെള്ളക്കെട്ട്. മറ്റൊരിടത്ത് റോഡാകെ പൊട്ടിപ്പൊളിഞ്ഞ നിലയില്‍. അതിയന്നൂര്‍ പഞ്ചായത്തിലെ പ്രധാന ജംഗ്ഷനായ നെല്ലിമൂട്ടിലാണ് ഈ ദുരിതസ്ഥിതി.
നെല്ലിമൂട്ടില്നിന്നും കാഞ്ഞിരംകുളത്തേയ്ക്ക് പോകുന്ന റോഡിലാണ് മഴക്കാലത്തെ വെള്ളക്കെട്ട്. റോഡില്‍ നിറയുന്ന വെള്ളത്തില്‍ ചവിട്ടി മാത്രമേ കാല്‍നടക്കാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാനാകൂ. ചിലപ്പോള്‍ കാല്‍നടക്കാരെയോ പാതയോരത്തെ വ്യാപാരസ്ഥാപനങ്ങളെയോ ഒന്നും പരിഗണിക്കാതെ അതിവേഗത്തില്‍ വെള്ളം തെറിപ്പിച്ച് കടന്നുപോകുന്ന വാഹനങ്ങളുമുണ്ട്.
നെല്ലിമൂട്ടില്നിന്നും മരപ്പാലം, പയറ്റുവിള മുതലായവിടങ്ങളിലേയ്ക്ക് പോകുന്ന പാതയുടെ തുടക്കത്തില്‍ പകുതിയോളം ഭാഗം ടാറും മെറ്റലുമിളകിയ നിലയിലാണ്. ചെറുതും വലുതുമായ കുഴികളില്‍ മഴയത്ത് വെള്ളം കെട്ടുന്നതും പതിവ്. പൊതുവേ റോഡിന് വീതി കുറവാണിവിടെ.
പാതയോരത്തെ ഓടയിലെ സ്ലാബ് പൊട്ടിയതും ആശങ്കയുണ്ടാക്കുന്നു. ബന്ധപ്പെട്ട അധികൃതര്‍ റോഡില്‍ മതിയായ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതവും കാല്‍നടയാത്രയും സുഗമമമാക്കണമെന്ന് ആവശ്യപ്പെട്ടു.