ദേശീയപാത കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞപ്പോള്‍
കൊട്ടിയം: പഴയ ദേശീയപാതയുടെ വശങ്ങള് കൈയേറി ഷെഡുകള്‍ കെട്ടിയും അല്ലാതെയും കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ എത്തിയ കോര്‍പറേഷനിലെ ഉദ്യോഗസ്ഥ സംഘത്തെ കച്ചവടക്കാരും യൂണിയന് നേതാക്കളും ചേര്‍ന്ന് തടഞ്ഞു. പ്രതിഷേധം കനത്തതോടെ ഒഴിപ്പിക്കല്‍ നടപടികളില്‍നിന്നും ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. മതിയായ പോലീസ് ഇല്ലാത്തതിനാലാണ് ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കല്‍ ഒഴിവാക്കി മടങ്ങിയത്. അടുത്ത ദിവസം കൂടുതല്‍ പോലീസുമായി എത്തി റോഡ് കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുവാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
കാവനാട് -മേവറം പഴയ ദേശീയപാതയില്‍ പഴയാറ്റിന്കുഴിയിലാണ് ഇന്നലം രാവിലെ കോര്‍പറേഷന്റെ വടക്കേവിള, ഇരവിപുരം സോണലുകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, അസിസ്റ്റന്റ് ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡ് കൈയേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ എത്തിയത്. ഒരാഴ്ച മുമ്പ് ഇവിടെ ഉണ്ടായിരുന്ന കുറച്ചു കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു.
മുഴുവന്‍ പേരെയും ഒഴിപ്പിക്കണമെന്ന കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. മുന്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ സജീവ്, ട്രേഡ് യൂണിയന് നേതാവ് ത്യാഗരാജന് എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ എത്തിയത്. വിവരമറിഞ്ഞ് ഇരവിപുരം പോലീസും കണ്ട്രോള് റൂം പോലീസും സ്ഥലത്തെത്തിയെങ്കിലും കൂടുതല്‍ പോലീസ് ഇല്ലാത്തതിനാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കാതെ പോവുകയായിരുന്നു. ഗവര്‍ണറുടെ സന്ദര്‍ശനത്തെതുടര്‍ന്ന് പോലീസിന്റെ ലഭ്യത കുറവുമൂലമാണ് ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കാന്‍ നടപടികളില്‍നിന്നും പിന്മാറിയത്.
Tags : Local News Nattuvishesham Kollam