കൊട്ടിയൂർ ആയില്യാർകാവിലെ മരങ്ങൾ മുറിച്ചിട്ട നിലയിൽ.
കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചല്ലാതെ മനുഷ്യർക്ക് പ്രവേശനമില്ലാത്ത ഇക്കരെ കൊട്ടിയൂരിലെ ആയില്യാർകാവിലെ മരങ്ങൾ മുറിച്ചത് വിവാദമാകുന്നു. ആയില്യാർകാവിൽ പ്രവേശിച്ച് മരങ്ങൾ മുറിച്ചത് കടുത്ത ആചാരലംഘനമാണെന്ന് അക്കരെ കൊട്ടിയൂരിലെ പ്രധാന സ്ഥാനികർ പറഞ്ഞു. ആചാര ലംഘനം നടത്തി മരങ്ങൾ മുറിച്ചതു സംബന്ധിച്ച് ദേവസ്വത്തിനും വ്യക്തമായ മറുപടി നൽകാത്തത് സംബന്ധിച്ച് ദുരൂഹതയും ഉയരുന്നുണ്ട്. ആചാര ലംഘനം നടത്തി മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം വേണമെന്ന് പടിഞ്ഞീറ്റ രാമചന്ദ്രൻ നമ്പൂതിരിയും സമുദായി കാലടി കൃഷ്ണമുരളി നമ്പൂതിരി ഓച്ചറും ആവശ്യപ്പെട്ടു.
കൊട്ടിയൂർ വൈശാഖോത്സവവുമായി ബന്ധപ്പെട്ട അതീവ പവിത്രതയുള്ള കാവാണ് ആയില്യാർകാവ്. കൊട്ടിയൂർ ഉത്സവ ആചാരവുമായി ബന്ധപ്പെട്ട് വർഷത്തിൽ രണ്ടു തവണ മാത്രമേ ആയില്യാർകാവിലേക്ക് മനുഷ്യർക്ക് പ്രവേശനാനുമതിയുള്ളൂ എന്നിരിക്കെയാണ് കാവിലെ വലിയ മരങ്ങൾ മുറിച്ചിട്ടത്. വൈശാഖ മഹോത്സവത്തിന്റെ അതീവ രഹസ്യമായ ഗൂഢപൂജകൾ നടക്കുന്ന കാവിലെ വൻമരങ്ങൾ മുറിച്ചതോടെ ഗൂഢപൂജകൾ പുറമെ നിന്ന് കാണാവുന്ന അവസ്ഥയിലാണെന്ന് സ്ഥാനികർ പറഞ്ഞു.
അനധികൃതമായി മരംമുറിക്കാൻ നിർദേശം നൽകിയ ആളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും അതിനുശേഷം മാത്രമേ ആചാരപ്രകാരമുള്ള പരിഹാരക്രിയകൾ നടത്താൻ സാധിക്കൂവെന്നും ഇരുവരും പറഞ്ഞു. അതേസമയം മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതർ വ്യക്തമായ മറുപടി നൽകുന്നില്ല. അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് കളക്ടറുടെ ഉത്തരവുണ്ടായിരുന്നുവെന്നാണ് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ പ്രതികരിച്ചത്. എന്നാൽ ആയില്യാർക്കാവിലെ മരം മുറിക്കുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡിൽ ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : District News Nattuvishesham Trees Kottiyoor Ailyarkavu cut down