പുതുശേരിഭാഗം ഗവ. എൽപി സ്കൂൾ വളപ്പിലെ മരം റോഡിലേക്ക് പടർന്ന് പന്തലിച്ചു നിൽക്കുന്നു
അടൂർ: അപകടഭീഷണിയായി പുതുശേരിഭാഗം ഗവ. എൽപി സ്കൂൾ വളപ്പിലെ മരങ്ങൾ. സ്കൂൾ വളപ്പിലെ വലിയ വാകമരവും ബദാം മരവുമാണ് അപകടഭീഷണിയായുള്ളത്. വാകമരം എംസി റോഡിലേക്ക് പടർന്നു പന്തലിച്ചാണ് നിൽക്കുന്നത്.
മരത്തിന്റെ ചില്ലകൾ 11 കെവി ലൈനിന് മുകളിലൂടെ പടർന്ന് നിൽക്കുകയാണ്. ചാഞ്ഞു നിൽക്കുന്ന ബദാം മരവും അപകടഭീഷണിയാണ്. ഒട്ടേറെ വർഷം പഴക്കമുള്ള മരങ്ങളാണ് സ്കൂൾ വളപ്പിലേത്. 1947ലാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂൾ വളപ്പിലെ മരങ്ങൾക്ക് അതിലേറെ പഴക്കമുണ്ടെന്നാണ് പറയുന്നത്.
ഇത്തവണ മഴക്കാലത്തിന് മുന്നോടിയായും മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കിയില്ല. മഴ കനക്കുന്ന സാഹചര്യത്തിൽ മരച്ചില്ലകൾ ഒ വൈദ്യുതി ലൈനിലേക്കോ, റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ മുകളിലേക്കോ വീഴാൻ സാധ്യതയേറെയാണ്. നേരത്തേ മുറിച്ചു നീക്കിയ ശിഖരങ്ങളും തടികളും സ്കൂൾ വളപ്പിൽ നിന്ന് നീക്കം ചെയ്തിട്ടുമില്ല.