ആലുവ: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് റൂറൽ ജില്ലാ പോലീസ് ആസ്ഥാനം ആലുവയിൽ നിന്ന് പെരുമ്പാവൂരിലേക്ക് താത്ക്കാലികമായി മാറ്റാനുള്ള നീക്കം അനിശ്ചിതത്വത്തിൽ. തൊഴിൽ വകുപ്പിൻെറ പെരുമ്പാവൂർ പോഞ്ഞാശേരിയിലെ ജനനി പദ്ധതി ഫ്ലാറ്റിലേക്ക് മാറ്റാനുള്ള ശ്രമമാണ് അനിശ്ചിതമായി നീണ്ടുപോകുന്നത്.
തൊട്ടടുത്തായി പുതിയ റൂറൽ ജില്ലാ ആസ്ഥാന കെട്ടിടസമുച്ചയ നിർമാണം 2022 മാർച്ച് 15ന് ആരംഭിച്ചങ്കിലും നാലുവർഷമായി പൂർത്തിയാകാത്തതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഇടപെട്ട് ആസ്ഥാനം താത്കാലികമായി മാറ്റാൻ നിർദേശിച്ചത്. എന്നാൽ തൊഴിൽ വകുപ്പ് ഇതിന് താത്പര്യം കാണിച്ചിട്ടില്ല.
നിലവിലുള്ള ആലുവയിലുള്ള ഓഫീസ് കെട്ടിടം 1984 ലാണ് മൂന്ന് നിലകളിലായി നിർമിച്ചത്. വേണ്ട അറ്റകുറ്റപണികൾ നടക്കാത്തതിനാൽ തൂണുകൾക്ക് ബലക്ഷയം വന്നതായി പിഡബ്ല്യുഡി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 200 ഓളം ജീവനക്കാർ ജീവൻ പണയം വച്ചാണ് വർഷങ്ങളായി ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്നത്. എന്നാൽ ഇത് ഗൗരവത്തിലെടുത്ത് സർക്കാർ പുതിയ കെട്ടിട നിർമാണം പൂർത്തിയാക്കിയതുമില്ല.
പോഞ്ഞാശേരിയിൽ ചുണ്ടമല ഹിൽവ്യൂ എന്ന സ്ഥത്ത് രണ്ട് ഏക്കറിലാണ് 12 നിലകളിലായി 74 ഫ്ലാറ്റുകളുണ്ട്. ഓരോ ഫ്ലാറ്റിനും 715 ചതുരശ്ര അടി വിസ്തീർണം ഉണ്ട്. ആലുവയിലെ പുതിയ ജില്ലാ ആസ്ഥാന കെട്ടിടം പൂർത്തിയാക്കാൻ ചുരുങ്ങിയത് 18 മാസമെങ്കിലും വേണമെന്നാണ് വിലയിരുത്തൽ. നിർമാണത്തിനായി അഞ്ച് കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Ernakulam