കുളത്തൂപ്പുഴ ചന്ദനക്കാവ് ഭാഗത്ത് പാതയോരത്തെ കുഴി
കുളത്തൂപ്പുഴ : മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ അഞ്ചല്‍ പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് അപകടഭീഷണിയ ഉയർത്തി പാതയോരത്തെ കുഴി. കുളത്തൂപ്പുഴ ചന്ദനക്കാവ് മുസ്ലിം പള്ളിക്ക് എതിര്‍വശത്തായി വളവില്‍ പാതയോരത്താണ് ഈ വലിയ കുഴി.
പാതയുടെ നിര്‍മാണ സമയത്ത് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നു ചരിവും വലിയ വളവുമുള്ള ഈഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ നിർമാണം പൂര്‍ത്തീകരിച്ചപ്പോള്‍ സംരക്ഷണ ഭിത്തിയുടെ നിർമാണം ഉപേക്ഷിച്ചു. ഇതോടെ മുകളില്‍ നിന്നും കുത്തൊഴുക്കില്‍ എത്തുന്ന വെള്ളം ഈഭാഗത്ത്കൂടി ഒഴുകാന്‍ തുടങ്ങി. ഫലമോ ഭാഗത്തെ മണ്ണ് മുഴുവനായി ഒലിച്ചു പോയി.
അടുത്തിടെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇട്ട പൈപ്പ് കൂടി പൊട്ടിയതോടെ മണ്ണ് ഒലിച്ചുപോയി അപകടവസ്ഥയിലായ ഭാഗത്ത് വലിയ കുഴിയായി മാറി. പൈപ്പ് പൊട്ടല്‍ പരിഹരിച്ച വാട്ടര്‍ അഥോറട്ടി കുറച്ചു മണ്ണ് ഈഭാഗത്ത് ഇട്ടതിനാല്‍ കുഴി അല്പം നികന്നു. എന്നാല്‍ മഴ കനത്തതോടെ വീണ്ടും വെള്ളം ഒഴുകിയെത്തുകയും വലിയ കുഴി രൂപപ്പെടുകയുമായിരുന്നു.
വലിയ വളവും ഇറക്കവും ആയതിനാല്‍ തന്നെ പാതയുടെ വശം ചേര്‍ന്ന് വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീണു അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കുഴി രൂപപ്പെട്ടതോടെ ഏതാനും മീറ്ററുകള്‍ മാത്രം ദൂരത്ത് പ്രവർത്തിക്കുന്ന ഹൈസ്കൂള്‍, യുപി സ്കൂള്‍ കുട്ടികള്‍ക്ക് ഈഭാഗത്തുകൂടിയുള്ള കാല്നടപ്പോലും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഒരു വാഹനം വന്നാല്‍ മാറി നില്ക്കാന് പോലും കഴിയാത്ത അവസ്ഥയാണ്.
Tags : Local News Nattuvishesham Kollam