പിറവത്ത് കല്ലുമാരി റോഡിൽ പൈപ്പ് പൊട്ടി റോഡ് തകർന്ന നിലയിൽ.
പിറവം: പാഴൂർ കല്ലുമാരിയിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് പൂർണമായും തകർന്നു. മാമലക്കവലയിൽ നിന്നുമുള്ള കല്ലുമാരി റോഡാണ് താറുമാറായത്.
കക്കാട് വാട്ടർ അഥോറിറ്റി പ്ലാന്റിൽ നിന്നും കുടിവെള്ളം പാഴൂരിലെ കുടിവെള്ള ടാങ്കിൽ എത്തിക്കുകയും ഇവിടെ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് ചെയ്തിരുന്നത്. ഇവിടേയ്ക്കുള്ള ഭൂമിക്കടിയിലൂടെ പോകുന്ന പൈപ്പാണ് പൊട്ടിയത്.
പൈപ്പ് പൊട്ടി വെള്ളം ശക്തമായി പുറത്തേയ്ക്ക് ഒഴുകിയപ്പോൾ ടാറിംഗ് വീണ്ടുകീറി റോഡ് തകരുകയായിരുന്നു. ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായി. ഇതോടെ പ്രദേശങ്ങളിലെ കുടിവെള്ള വിതരണവും നിലച്ചിരിക്കുകയാണ്.
അടിയന്തിരമായി പൈപ്പ് നന്നാക്കി കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്ന് നഗരസഭാ കൗൺസിലർ ജെയ്സൺ പുളിക്കൽ അറിയിച്ചു.
Tags : Local News Nattuvishesham Ernakulam