മഞ്ചേരി: തെരഞ്ഞെടുപ്പ് അടുത്തതോടെ പരാജയഭീതി പൂണ്ട എൽഡിഎഫ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ചമക്കുകയാണെന്ന് മഞ്ചേരി മുനിസിപ്പൽ യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയുമായും ജനകീയ മുന്നണിയുടെ പേരിൽ എസ്ഡിപിഐ ഉൾപ്പെടെയുള്ളവരുമായും നാലുവോട്ട് കിട്ടാൻ എല്ലാ ശ്രമവും നടത്തുന്നത് സിപിഎം ആണ്. സിപിഎം നേതാക്കൾ തന്നെ ചില വാർഡുകളിൽ റിബലായി മത്സരിക്കുന്നു. പല പ്രമുഖ നേതാക്കളും വാർഡുകളിൽ പ്രചാരണത്തിന് പോലും എത്തുന്നില്ല.
എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക പോലും പല വാർഡുകളിലും വിതരണം ചെയ്തിട്ടില്ല. സംസ്ഥാന സർക്കാരിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ വോട്ടർമാർ അവസരം കാത്തുനിൽക്കുകയാണ്.
നഗരസഭയിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന തിരിച്ചറിവാണ് അവസാനഘട്ടത്തിൽ ദുരാരോപണങ്ങളുമായി രംഗത്തുവരാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. 28 വാർഡുകളിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ പോലും സിപിഎമ്മും എൽഡിഎഫും തയാറായിട്ടില്ല.
എന്നാൽ യുഡിഎഫ് നാലുസീറ്റുകളിൽ മാത്രമാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നതെന്നും മണ്ഡലം ലീഗ് പ്രസിഡന്റ് കണ്ണിയൻ അബൂബക്കർ, മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ ഹനീഫ മേച്ചേരി, കണ്‍വീനർ കെ.കെ.ബി. മുഹമ്മദലി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Tags : fear of defeat