ഉടുമ്പന്നൂര്‍: മലയോര ഗ്രാമങ്ങളുടെ വികസനത്തിന് നാഴികക്കല്ലാകുന്ന ഉടുമ്പന്നൂര്‍-ഇടുക്കി റോഡിന്റെ കോണ്‍ക്രീറ്റിംഗ് ജോലി ആരംഭിച്ചതോടെ പ്രദേശവാസികള്‍ക്ക് സ്വപ്നസാഫല്യം. റോഡ് നിര്‍മാണത്തിനായി മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും വനംവകുപ്പിന്റെ എതിര്‍പ്പുമൂലം നിര്‍മാണ ജോലികള്‍ പലഘട്ടങ്ങളിലും തടസപ്പെടുകയായിരുന്നു. ഒടുവില്‍ ഡീന്‍ കുര്യാക്കോസ് എംപി ഇടപെട്ട് പിഎംജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന് 18 കോടി രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. റോഡിന് വീതികൂട്ടുമ്പോള്‍ വിട്ടുനല്‍കുന്ന സ്ഥലത്തിന് പകരമായി വനംവകുപ്പിന് വിട്ടുനല്‍കിയ സ്ഥലം റവന്യുഭൂമിയാണെന്ന് ന്യായവാദം ഉയര്‍ത്തി നിര്‍മാണത്തിനെതിരേ വനംവകുപ്പ് രംഗത്തെത്തി. ഒടുവില്‍ ഫണ്ട് നഷ്ടപ്പെടാതിരിക്കാന്‍ നിലവിലുള്ള മൂന്നു മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ഇതും മാസങ്ങളോളം വൈകി. കോണ്‍ക്രീറ്റിംഗിന് ആവശ്യമായ നിര്‍മാണസാമഗ്രികള്‍ ഇറക്കിസൂക്ഷിക്കുന്നതിന് വനംവകുപ്പ് അനുമതി നിഷേധിച്ചതും പ്രതിഷേധത്തിനു കാരണമായി. യുഡിഎഫ് സര്ക്കാര്അധികാരത്തിലെത്തുകയും ജില്ലയിലെ എംഎല്‍എമാര്‍ വിഷയം വനം മന്ത്രി ഷിബു ബേബി ജോണിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തതോടെ അദ്ദേഹം വനംവകുപ്പിന് കര്‍ശന നിര്‍ദേശം നല്കി. ഇതേത്തുടര്‍ന്നാണ് റോഡ് നിര്‍മാണത്തിനുള്ള കുരുക്കഴിഞ്ഞത്. ഉടുമ്പന്നൂര്‍ ചപ്പാത്ത് ഭാഗത്തുനിന്നുമാണ് കോണ്‍
ക്രീറ്റിംഗിനുള്ള ജോലി ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ ജെസിബി ഉപയോഗിച്ച് മണ്ണ് നിരപ്പാക്കുന്ന ജോലിയാണ് നടത്തുന്നത്. നേരത്തേ മണ്ണ് നിരപ്പാക്കി കോണ്‍ക്രീറ്റിംഗിന് സജ്ജമാക്കിയിരുന്നെങ്കിലും മഴയില്‍ വെള്ളംകുത്തിയൊലിച്ച് റോഡ് തകരുകയായിരുന്നു. ഇത് കാല്‍നടയാത്രപോലും ദുഷ്കരമാകാന്‍ കാരണമായി. രാഷ്ട്രീയ, ജാതി, മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒത്തു ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചത്. റോഡ് പൂര്‍ത്തിയായാല്‍ തൊടുപുഴയില്‍നിന്നു 40 കിലോമീറ്റര്‍ മാത്രം യാത്രചെയ്താൽ ചെറുതോണിയില്‍ എത്തിച്ചേരാനാകും.
ജില്ലാ ആസ്ഥാനമേഖലയില്നിന്നു മൂവാറ്റുപുഴ, എറണാകുളം പ്രദേശങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ എത്തിച്ചേരാനും റോഡ് ഉപകരിക്കും. അടിയന്ത ചികിത്സ ആവശ്യമായി വരുന്ന ഹൈറേഞ്ചിലെ രോഗികള്‍ക്കും ഇത് ഏറെ ആശ്വാസമാകും. വാഴത്തോപ്പ്, മണിയാറന്‍കുടി മേഖലകളിലേക്ക് കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പ്രദേശങ്ങളില്‍നിന്നു ജനങ്ങള്‍ കുടിയേറിയത് ഈ കാനന പാതയിലൂടെയാണ്.
Tags : Udumbannur Idukki Road Nattuvishesham District news