പൂപ്പാറ മുള്ളൻതണ്ടിലെ അനധികൃത കൈയേറ്റം റവന്യു വകുപ്പ് ഒഴിപ്പിക്കുന്നു.
മുരിക്കുംതൊട്ടി: പൂപ്പാറ, രാജകുമാരി വില്ലേജുകളിലുൾപ്പെട്ട പൂപ്പാറ മുള്ളൻതണ്ടിലെ നാലേക്കറോളം സർക്കാർ പുറമ്പോക്കിലെ അനധികൃത കൈയേറ്റം റവന്യു ഉദ്യോഗസ്ഥർ ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുത്തു.രാജകുമാരി വില്ലേജിലെ ഒന്പതാം നമ്പർ ബ്ലോക്കിലെയും പൂപ്പാറ വില്ലേജിലെ 11, 12 ബ്ലോക്കുകളിലെയും കൈയേറ്റമാണ് ഒഴിപ്പിച്ചത്. അവിടെ ഉണ്ടായിരുന്ന താത്കാലിക ഷെഡും പൊളിച്ചുനീക്കി. നേരത്തേ ഇവിടെ നിർമിച്ചിരുന്ന പടുതാക്കുളം ദുരന്ത നിവാരണ നിയമപ്രകാരം റവന്യു വകുപ്പ് നികത്തിയിരുന്നു.
നാലു പതിറ്റാണ്ടിലധികമായി കൈവശം വച്ചിരുന്ന ഭൂമിയാണെന്നായിരുന്നു കൈവശക്കാരന്റെ വാദം. എന്നാൽ ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനായില്ലെന്നും സർക്കാർ പുറമ്പോക്കാണെന്ന് കണ്ടെത്തിയതിനാലാണ് ഒഴിപ്പിച്ചതെന്നും റവന്യു അധികൃതർ പറഞ്ഞു.
ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ ജെയ്സൻ ജോർജ്, പൂപ്പാറ വില്ലേജ് ഓഫീസർ എം.എച്ച്. ഹിലാൽ, പൂപ്പാറ വില്ലേജ് ഓഫീസർ കെ.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. ശാന്തമ്പാറ പോലീസും സ്ഥലത്ത് എത്തിയിരുന്നു. ഭൂമി കൈവശം വച്ചിരിക്കുന്ന ആരും സ്ഥലത്തുണ്ടായിരുന്നില്ല.