കോൺക്രീറ്റിംഗ് നടത്തിയ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് റോഡ്.
കാഞ്ഞിരപ്പള്ളി: പുതുതായി കോൺക്രീറ്റിംഗ് നടത്തിയ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് റോഡിൽ അനധികൃതമായി വാഹനങ്ങൾ പ്രവേശിക്കുന്നതിനെതിരേ പൊലിസിൽ പരാതി നൽകി പഞ്ചായത്ത്.
ക്യൂറിംഗ് സമയത്ത് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറുടെ കത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി കാഞ്ഞിരപ്പള്ളി പൊലിസിൽ പരാതി നൽകിയത്.
ബസ് സ്റ്റാൻഡ് റോഡ് പുതുതായി കോൺക്രീറ്റ് ചെയ്തതിനാൽ നാളെവരെ റോഡിൽ ഗതാഗതം നിരോധിച്ചിട്ടുള്ളതാണ്. വീപ്പകൾ സ്ഥാപിച്ച് കയർ കെട്ടി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. എന്നാൽ, വാഹനങ്ങൾ പ്രവേശിക്കുന്നതായി അസിസ്റ്റന്റ് എൻജിനിയർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 18നാണ് ബസ് സ്റ്റാൻഡ് റോഡിന്റെ നവീകരണം നടത്തിയത്.
ദേശീയപാതയിൽനിന്നു സ്റ്റാൻഡിലേക്കു ബസുകൾ കയറുന്നയിടം വരെയുള്ള പുത്തനങ്ങാടി റോഡിന്റെ ഭാഗമായ ബസ് സ്റ്റാൻഡ് റോഡാണ് കോൺക്രീറ്റ് ചെയ്തത്. ക്യൂറിംഗ് പീരിയഡ് പൂർത്തിയായാൽ ദിവസങ്ങൾക്കുള്ളിൽ പുതിയ കോൺക്രീറ്റ് ചെയ്ത റോഡ് വാഹനങ്ങൾക്കായി തുറന്നു നൽകും.
Tags : NattuVishesham DistrictNews