മൂവാറ്റുപുഴ പിഒ ജംഗ്ഷനില്‍ കാല്‍നടയാത്രക്കാരെ ദുരിതത്തിലാഴ്ത്തി അശാസ്ത്രീയമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കൈവരികള്‍ മുറിച്ചുമാറ്റിയപ്പോള്‍.
മൂവാറ്റുപുഴ : നഗരത്തിലെ ഏറ്റവും തിരക്കേറിയ പിഒ ജംഗ്ഷനില്‍ കാല്‍നടയാത്രക്കാരെ ദുരിതത്തിലാഴ്ത്തി അശാസ്ത്രീയമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കൈവരികള്‍ ഒടുവില്‍ അധികൃതര്‍ മുറിച്ചുമാറ്റി. സീബ്രാ ക്രോസിംഗ് വന്ന് അവസാനിക്കുന്ന ഭാഗത്തെ കൈവരികളാണ് നീക്കം ചെയ്തത്. ഇതോടെ റോഡ് കുറുകെകടക്കുന്ന യാത്രക്കാരുടെ വലിയൊരു ബുദ്ധിമുട്ടിനാണ് പരിഹാരമായിരിക്കുന്നത്.
റോഡ് കുറുകെ കടക്കാന്‍ ആളുകള്‍ ആശ്രയിക്കുന്ന സീബ്രാ ലൈന്‍ വന്ന് അവസാനിച്ചിരുന്നത് റോഡരികിലെ ഇരുമ്പ് കൈവരികളിലേക്കായിരുന്നു. നിയമപരമായി സീബ്രാ ലൈന്‍ വഴി നടന്നു വരുന്ന വയോധികരും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിതമായി നടപ്പാതയിലേക്ക് കയറാന്‍ കൈവരികള്‍ വലിയ തടസമാണ് സൃഷ്ടിച്ചിരുന്നത്.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപികയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അശാസ്ത്രീയമായ ക്രമീകരണത്തിനെതിരെ ജനങ്ങളില്‍ പ്രതിഷേധവും വ്യാപകമായിരുന്നു. ഒടുവില്‍ അധികൃതര്‍ ഇടപെട്ട് സീബ്രാ ക്രോസിംഗിന് തടസമായി നിന്ന ഇരുമ്പ് കൈവരികള്‍ മുറിച്ചുമാറ്റുകയായിരുന്നു.
Tags : Local News Nattuvishesham Ernakulam