പ്രതീകാത്മക ചിത്രം
ഉപ്പുതറ: മേച്ചേരിക്കടയിലെ ജനങ്ങളുടെ ഉറക്കം കെടുത്തി സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു. തിങ്കളാഴ്ച രാത്രിയിൽ രണ്ട് വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ തകർത്തു. പ്രവർത്തനരഹിതമായ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനെതിരേ നാട്ടുകാർ, പഞ്ചായത്തിലും പോലീസിനും ജില്ലാ ഭരണകൂടത്തിലും പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകുന്നില്ല.
തിങ്കളാഴ്ച രാത്രിയിൽ പ്രദേശത്തെ ഒരാൾക്കുപോലും ഉറങ്ങാൻ കഴിയാത്ത വിധം അസഭ്യവർഷവും സംഘർഷവുമാണ് മേച്ചേരിക്കട ഭാഗത്ത് നടന്നത്. പകലും രാത്രിയും ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്ത് മദ്യപിച്ച ശേഷമാണ് നാട്ടുകാരുടെ സ്വൈരജീവിതം തകർക്കുന്നത്. കഴിഞ്ഞരാത്രി പുലരുവോളം ഇവിടെ നടന്ന സംഘർഷത്തിൽ രണ്ട് വാഹനങ്ങൾ തകർത്തു. ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിക്കണമെന്ന പഞ്ചായത്ത് അധികൃതരുടെ ആവശ്യം പോലീസ് അവഗണിക്കുകയാണ്. പോലീസ് പട്രോളിംഗ് നടത്താൻ പോലും തയാറാകുന്നില്ല.
സ്ത്രീകളും വയോധികരും മാത്രം താമസിക്കുന്ന പ്രദേശത്താണ് സാമൂഹ്യവിരുദ്ധർ താണ്ഡവമാടുന്നത്. നാളുകളായി ഇവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്പോഴും നടപടി സ്വീകരിക്കാൻ പോലീസ് തയാറാകുന്നില്ല.
റോഡിൽ നിന്നാരംഭിക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനം വീടുകളുടെ മുൻവശം വരെ എത്തുകയാണ്.
Tags : Nattuvishesham Local News Upputhara anti-social behaviour