പെരുമ്പാവൂർ: മണ്ഡലത്തിലെ പ്രാധാന റോഡായ വല്ലം-പാണംകുഴി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിൽ. വല്ലം മുതൽ കുറിച്ചിലക്കോട് കവല വരെയാണ് റോഡ് തകർന്നിട്ടുള്ളത്. മൂന്ന് വർഷം മുൻപ് കോടനാട് വില്ലേജ് ഓഫീസിന്റെ മുൻപിൽ 15 ലക്ഷം രൂപ ചെലവഴിച്ച് റോഡിന് കുറുകെയും അതിനോട് അനുബന്ധിച്ച് 600 മീറ്റർ നീളത്തിൽ കാന നിർമിക്കുകയും ചെയ്തതാണ്. റോഡിന്റെ കിഴക്ക് വശത്ത് നിന്നും ഉയർന്ന ഭാഗങ്ങളിൽ ഉറവ വരുന്ന ഭാഗത്ത് കാന നിർമിച്ചിരുന്നെങ്കിൽ ആ ഭാഗം തകരുകയില്ലായിരുന്നു.
തുടർ വർഷങ്ങളിൽ അറ്റകുറ്റപണികൾ നടത്തിയില്ല. റോഡിന്റെ അശാസ്ത്രീയമായ നിർമാണം കൊണ്ട് ഐമുറി സെന്റ് ആൻസ് സ്കൂളിന്റെ മുൻപിലും സ്ഥിരമായി വെള്ളക്കെട്ടാണ്. സ്കൂൾ തുറന്നതോടെ ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വാഹനങ്ങൾ റോഡരികിൽ ഒതുക്കുവാൻ സാധിക്കുന്നില്ല.വീതിയുള്ള റോഡാണെങ്കിലും പല സ്ഥലത്തും കോൺട്രാകടർമാരുടെ വേസ്റ്റ് മണ്ണും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നതും പതിവാണ്.
ഐമുറിയിലെ ചേരാനല്ലൂർ ഹൈസ്കൂളിന്റെ കിഴക്ക് വശത്ത് മണ്ണും മാലിന്യങ്ങളും വൻതോതിൽ നിക്ഷേപിച്ചിട്ടുണ്ട്. പരേതനായ കെ. പി. ധനപാലൻ എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച് ബി ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത റോഡാണിത്.
കൂവപ്പടി പോളിടെക്നിക്, ചേരാനല്ലൂർ ഹൈസ്കൂൾ, സെന്റ് ആൻസ് ഹൈസ്കൂൾ, കൂവപ്പടി വില്ലേജ് ഓഫീസ്, കൃഷിഭവൻ, കൂവപ്പടി-കോടനാട് വില്ലേജ് ഓഫീസുകൾ, ജിവിഎച്ച്എസ് ഹൈസ്കൂൾ കൂവപ്പടി, എൽപി സ്കൂൾ കൂവപ്പടി എന്നീ സ്ഥാപനങ്ങൾ ഈ റോഡിന്റെ അരുകിലാണ് സ്ഥിതിചെയ്യുന്നത്.
കൂവപ്പടി - പെരുമ്പാവൂർ റോഡ്, കൂവപ്പടി - ഇടവൂർ റോഡ്, തോട്ടുവ-നമ്പിള്ളി റോഡ്, കുറിച്ചിലക്കോട്-കീഴില്ലം റോഡ്, കോടനാട്- മലയാറ്റൂർ റോഡ് എന്നീ റോഡുകളും ഈ റോഡിൽ സന്ധിക്കുന്ന റോഡുകളാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മലയാറ്റൂർ തീർഥാടന കേന്ദ്രം, മഹാഗണി തോട്ടം, കപ്രിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പാണിയേലി പോര് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഉള്ള പ്രധാന റോഡാണ് വല്ലം - പാണംകുഴി റോഡ്.
എത്രയും പെട്ടെന്ന് റോഡ് വിവിധ സ്ഥലങ്ങളിൽ കാനയും റോഡ് സൈഡ് പൂർണമായും കട്ടവിരിച്ച് റോഡ് ബി ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്യണമെന്ന് ബിജെപി നേതാക്കളായ അരുൺ കോടനാട്, ദേവച്ചൻ പടയാട്ടിൽ, ജയശ്രീ പിള്ള എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.
Tags : nattu vishesham Vallam-Panamkuzhi road collapses