നേമം: വർണക്കൂടാരം പദ്ധതി അട്ടിമറിക്കരുതെന്നു മുൻ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസാഹചര്യങ്ങൾ ഒരുക്കുന്നതിനായി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് "വർണക്കൂടാരം'.
പ്രീ-പ്രൈമറി വിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിനും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അനുയോജ്യമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഈ പദ്ധതി വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. പ്രീ-പ്രൈമറി രംഗത്തെ ഈ മാതൃകാ പദ്ധതി തുടരേണ്ടതില്ലെന്ന രീതിയിലുള്ള അധികാരികളുടെ ചിന്തയും നടപടികളും ആശങ്കാജനകമാണ്.
ലക്ഷക്കണക്കിനു കുരുന്നുകളുടെ കലാപരവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അടിത്തറയിട്ട വർണക്കൂടാരം പദ്ധതി യാതൊരു കാരണവശാലും ഉപേക്ഷിക്കാനോ നിർത്തലാക്കാനോ പാടില്ല. കുട്ടികളുടെ അനുഭവങ്ങൾക്കും സർഗാത്മകതയ്ക്കും കളിക്കളങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടു നടപ്പിലാക്കിയ വർണക്കൂടാരം പദ്ധതി അട്ടിമറിക്കുന്നതു കേരളത്തിന്റെ മാതൃകാപരമായ പൊതുവിദ്യാഭ്യാസ നേട്ടങ്ങൾക്ക് തിരിച്ചടിയാകും.
സംസ്ഥാനത്തെ മുഴുവൻ പ്രീ-പ്രൈമറി വിദ്യാലയങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതുവരെ ആയിരത്തിലധികം കേന്ദ്രങ്ങൾ പൂർത്തിയാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടെയാണ് കഴിഞ്ഞ സർ ക്കാർ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടുപോയത്. പദ്ധതി കൂടുതൽ ഊർജസ്വലമായി തുടരണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.