പയ്യന്നൂർ: 1976 ഒക്ടോബര്‍ ഒന്നിന് രൂപീകൃതമായി പാല് വിതരണ രംഗത്ത് സജീവമായ വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി സുവര്‍ണ ജൂബിലി നിറവിൽ. ആറുമാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ നടത്തുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഇന്നു വൈകുന്നേരം 3.30ന് മുന്‍ മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് ടി.ഐ. മധുസൂദനന് അധ്യക്ഷത വഹിക്കും. പയ്യന്നൂര്‍ നഗരസഭ ചെയര്മാന് സരിന് ശശി മുഖ്യാതിഥിയാകും.
സൊസൈറ്റി പ്രസിഡന്റ് എ.വി. കുഞ്ഞിക്കണ്ണൻ, മുന്‍ എംഎല്‍എ സി. കൃഷ്ണൻ, വി. നാരായണൻ, പി. സന്തോഷ്, കെ.വി. സുധാകരൻ, കെ.വി. ജ്യോതി, ഇ. ഭാസ്കരന് തുടങ്ങിയവര്‍ പ്രസംഗിക്കും. ഹൈടെക് ഫാം ഉദ്ഘാടനം, ക്ഷീര കര്‍ഷക സെമിനാർ, കന്നുകാലി പ്രദര്‍ശനം, സുവര്‍ണ ജൂബിലി സ്മാരക മന്ദിര സമര്‍പ്പണം, കലാപരിപാടികൾ, സുവര്‍ണ ജൂബിലി ആഘോഷ സമാപനം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സുവര്‍ണ ജൂബിലിയാഘോഷം സംഘടിപ്പിക്കുന്നത്.
1976ല്‍ 50 ലിറ്റര്‍ പാല് ശേഖരിച്ച് ജനത അഗ്രികള്‍ച്ചറല്‍ ആന്റ് ഡയറി ഫോറം എന്ന പേരില്‍ തുടങ്ങുകയും 1982ല്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റിയായി മാറുകയും ചെയ്ത സ്ഥാപനം ഇന്ന് 60,000 ലിറ്റര്‍ പാല് കൈകാര്യം ചെയ്യുന്ന ഉത്തരമലബാറിലെ പ്രമുഖ സ്ഥാപനമായി വളര്‍ന്നുവെന്ന് വര്‍ക്കിംഗ് കമ്മിറ്റി ചെയര്മാന് പി. സന്തോഷ്, സൊസൈറ്റി പ്രസിഡന്റ് എ.വി. കുഞ്ഞിക്കണ്ണൻ, സെക്രട്ടറി ടി. രഞ്ജിത്ത്, കെ.വി. സുധാകരൻ, കെ. സതീശന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Tags : Nattuvishesham District News