പ്രതീകാത്മക ചിത്രം
മലപ്പുറം: അഴിമതിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അഴിമതിരഹിതമായ ഭരണം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ജില്ലയിൽ സംഘടിപ്പിച്ചു .നവംബർ രണ്ടുവരെയാണ് വാരാചരണം. സർക്കാർ ഉദ്യോഗസ്ഥരിലും പൊതുജനങ്ങളിലും സത്യസന്ധതയും സുതാര്യതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം.
വാരാചരണത്തിന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റിൽ വച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി ബോധവത്കരണ ക്ലാസ് നടത്തി. റിട്ടയേർഡ് വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്ര കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാർക്കായുള്ള ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ വിജിലൻസ് ഡിവൈഎസ്പി കെ.എം. ബിജു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ്, കനറ ബാങ്ക് ചെയർപേഴ്സണ്‍ വിമല വിജയ ഭാസ്കർ, ജനറൽ മാനേജർ ചിന്തം രമേഷ്, അസിസ്റ്റന്റ് മാനേജർ ഐഡ തുടങ്ങിയവർ പങ്കെടുത്തു.
ബോധവത്കരണ വാരത്തിന്റെ ഭാഗമായി മലപ്പുറം എംഎസ്പി ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർഥികൾക്കായി ഉപന്യാസ മത്സരങ്ങളും സ്ലോഗൻ രചനാ മത്സരങ്ങളും നടത്തി. വിജിലൻസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി, എസ്ഐ എഎസ് ഐ രത്ന കുമാരി, വിജിലൻസ് ഉദ്യോഗസ്ഥരായ ശ്രീജേഷ്, ശ്യാമ എന്നിവർ നേതൃത്വം നൽകി.
Tags :