ആലപ്പുഴ: ചെങ്ങന്നൂർ വെൺമണി സ്വദേശിയിൽനിന്ന് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാലു തമിഴ്നാട് സ്വദേശികൾ പിടിയിലായി. സെന്തിൽ, മണികണ്ഠൻ, തമിഴരശൻ, സെൽവൻ എന്നിവരെയാണ് വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.
വെൺമണി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റിട്ട. ജീവനക്കാരിയെ 2024 ഏപ്രിലിൽ മുംബൈയിലെ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.
സൈബർ തട്ടിപ്പുകേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പ്രതികൾ പണം തട്ടാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പിൽ കൂടുതൽ പേർക്കു പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Tags : nattu vishesham Virtual arrest threat