വള്ളിപ്പടർപ്പുകൾ കയറിയ വൈദ്യുത തൂണുകളും വൈദ്യുതി ലൈനുകളും.
ചപ്പാരപ്പടവ്: കാടുകയറിയ മടക്കാട്-ചപ്പാരപ്പടവ് റോഡിലൂടെയുള്ള കാൽനടയാത്ര ബുദ്ധിമുട്ടാവുന്നു. സ്കൂളിലേക്കുള്ള നൂറുകണക്കിനു വിദ്യാർഥികൾ ഇതുവഴി കാൽ നടയായിട്ടാണ് യാത്ര ചെയ്യുന്നത്. വീതി കുറഞ്ഞ റോഡരികിൽ മുഴുവൻ മുൾക്കാടും വള്ളിപ്പടർപ്പുകളും വളർന്നു നിൽക്കുന്നതിനാൽ വാഹനങ്ങൾ വരുമ്പോൾ അരികിലേക്കു മാറിനിൽക്കാനാവാത്തതിനാൽ അപകട സാധ്യത ഏറെയാണ്. മാത്രവുമല്ല, റോഡരികിലെ വൈദ്യുതി തൂണുകൾക്കുമുകളിലേക്കും വൈദ്യുതി കമ്പികളിലേക്കും വള്ളിപ്പടർപ്പുകൾ പടർന്നു കയറിയത് അപകടം ഉണ്ടാകാനിടയാക്കുന്നു.
തളിപ്പറമ്പ് ആലക്കോട് ഭാഗത്തു നിന്നും മടക്കാട് ബസിറങ്ങി ചപ്പാരപ്പടവ് ടൗണിലേക്കു പോകുന്ന ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണിത്. ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂളിലേക്കും ഗ്രാമപഞ്ചായത്തടക്കമുള്ള സ്ഥാപനങ്ങളിലേക്കും എത്തുന്നവർ ഏറെ ആശ്രയിക്കുന്ന എളുപ്പ വഴിയാണിത്.
നേരത്തെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാടുകൾ വെട്ടിത്തെളിക്കാറുണ്ടായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയപ്പോൾ മഴക്കാല പൂർവ ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങൾ ഇല്ലാതായെന്നു നാട്ടുകാർ പരാതിപ്പെടുന്നു. ചപ്പാരപ്പടവ് കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു കേവലം ഒരുകിലോമീറ്റർ മാത്രം അകലെയാണ് റോഡരികിലെ അപകടാവസ്ഥയിൽ വള്ളിപ്പടർപ്പുകൾ കയറിയ വൈദ്യുതി തൂണുകളും വൈദ്യുതി ലൈനുകളുമുള്ളത് എന്നത് ഏറെ ഗൗരവമുള്ളതാണ്.