റോഡിലെ പാഴ്ചെടികൾ വെട്ടിമാറ്റി ഗതാഗതയോഗ്യമാക്കുന്നു.
നെന്മാറ: അയിലൂർ പഞ്ചായത്ത് ജനപ്രതിനിധിയെന്ന നിലയിൽ നൽകിയ വാഗ്ദാനങ്ങൾ പ്രവൃത്തിയിലൂടെ നിറവേറ്റി മാതൃകയാകുകയാണ് എട്ടാം വാർഡ് മെംബർ വി. രാജൻ. സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായി വിരമിച്ച ശേഷമാണ് ജീവിതയാത്രയിൽ സേ
വനത്തിന്റെ പുതിയ ദൗത്യം ഏറ്റെടുത്തത്.
വാർഡിലെ പൊതുവഴികളുടെ ഇരുവശങ്ങളിലും വളർന്നുപന്തലിച്ച പാഴ്ചെടികളും കുറ്റിക്കാടുകളും സ്വന്തം നേതൃത്വത്തിലും ചെലവിലുമാണ് വെട്ടിമാറ്റി വഴികൾ സഞ്ചാരയോഗ്യമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിലായി വാർഡിലെ നീലങ്കോട്, കുണ്ടിലിടുവ്, നൂറം, ചക്രായി തുടങ്ങിയ പ്രദേശങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഇതോടെ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും വലിയ ആശ്വാസമായി.
വന്യമൃഗ ശല്യം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ റോഡരികിലെ കാഴ്ച മറച്ചുനിന്ന കുറ്റിക്കാടുകളും പാഴ്ചെടികളും നീക്കം ചെയ്തതോടെ പൊതുവഴികൾ കൂടുതൽ സുരക്ഷിതവും സഞ്ചാരയോഗ്യവുമായി മാറിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വേളയിൽ വാർഡിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണെന്ന് വി. രാജൻ പറഞ്ഞു. വാർഡ് മെംബർ എന്ന നിലയിൽ ലഭിക്കുന്ന ഹോണറേറിയവും പോലീസ് സേവനത്തിൽനിന്ന് ലഭിക്കുന്ന പെൻഷന്റെ ഒരു ഭാഗവും വിനിയോഗിച്ചാണ് വിവിധ പൊതുപ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനമുള്ള റോഡ്, കുടിവെള്ളം, ശുചിത്വം തുടങ്ങിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവഴിയാട് ഇടപ്പാടത്ത് താമസിക്കുന്ന വി. രാജൻ മുപ്പതിലേറെ വർഷം പോലീസ് വകുപ്പിൽ സേവനമനുഷ്ഠിച്ച ശേഷം സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായാണ് വിരമിച്ചത്. ഭാര്യ ബിന്ദു തിരുവഴിയാട് ഗവ. ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയാണ്. മക്കൾ: സായൂജ് രാജ്, ശ്രേയ രാജ്.